മല്ലപ്പള്ളി: ചന്ദ്രയാൻ -2 ഭൂമിയെ വലംവയ്ക്കുമ്പോൾ മല്ലപ്പള്ളിക്കാർക്കും അഭിമാനിക്കാൻ വകയുണ്ട്. കോട്ടാങ്ങൽ വായ്പ്പൂര് പെരിഞ്ചേരിമണ്ണിൽ പി.എം.ഏബ്രഹാം (58) ചന്ദ്രയാൻ -2 ശാസ്ത്രജ്ഞ സംഘത്തിലെ അസോസിയേറ്റ് വെഹിക്കിൾ ഡയറക്ടറാണ്. സെന്റ് മേരീസ് സ്കൂൾ റിട്ട അദ്ധ്യാപകരായ പരേതരായ പി.ജെ.മാത്യുവിന്റെയും ആനിക്കാട് ഇല്ലിക്കൽ പി.എം. മറിയാമ്മയുടെയും മകനാണ് എബ്രഹാം. പുന്നവേലി സി.എം.എസ് ഹൈസ്കൂൾ നിന്ന് 1976-ൽ പത്താം ക്‌ളാസ് പാസായ എബ്രഹാം ചങ്ങനാശ്ശേരി എസ്.ബി.കോളേജിൽ നിന്ന് പ്രീഡിഗ്രിയും തിരുവനന്തപുരം എൻജിനീയറിംഗ് കോളേജിൽ നിന്ന് ഇലക്ട്രിക്കൽ എൻജിനീയറിങ്ങിൽ ബിരുദവും നേടി. ബിരുദം നേടിയ ഉടനെ ജോലിയിൽ പ്രവേശിച്ച എബ്രഹാം ഡൽഹി ഐ.ഐ.ടിയിൽ നിന്ന് എം.ടെക്കും കരസ്ഥമാക്കിയാണ് സ്പേസ് സെന്ററിൽ ജോലി ചെയ്യുന്നത്. ഭാര്യ ഹെലൻ ബേസിലും വിക്രം സാരാഭായി സ്പേസ് സെന്ററിലെ എൻജിനീയറാണ്. നാട്ടിലെത്തുമ്പോൾ ഏബ്രഹാമിനെ ആദരിക്കാനുള്ള തയ്യാറെടുപ്പിലാണ് സുഹൃത്തുക്കളും നാട്ടുകാരും.