image
പുറമറ്റം വില്ലേജ് ഓഫീസാണിത്. മഴപെയ്ത് ചോർന്നൊലിക്കുന്ന സ്ഥലത്ത് ബക്കറ്റ് വച്ചിരിക്കുന്നു

പത്തനംതിട്ട : മഴപെയ്താൽ കുളം. കംമ്പ്യൂട്ടർ കുത്താൽ സോക്കറ്റുപോലുമില്ല. ഓട് നിർമ്മിതിയായ കെട്ടിടം ചോർന്നൊലിക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി. അധികൃതർ ഇതൊന്നും കണ്ട മട്ടില്ല.പുറമറ്റം വില്ലേജ് ഓഫീസിന്റെ പരിതാപകരമായ അവസ്ഥയാണിത്. 25 വർഷത്തെ പഴക്കമുണ്ട് കെട്ടിടത്തിന്. പുനർനിർമ്മാണത്തിനായി നിരവധി തവണ അധികാരികളെ അറിയിച്ചിട്ടും നടപടിയില്ല. ഫണ്ട് അനുവദിക്കുമെന്ന് പറയുമെങ്കിലും ഇതുവരെ ലഭിച്ചിട്ടില്ല. പ്രളയം ബാധിച്ച പ്രദേശം കൂടിയാണിത്. പ്രളയസമയം 4 ക്യാമ്പുകളിലാണ് ഇവിടുത്തെ പ്രദേശവാസികളെ താമസിപ്പിച്ചിരുന്നത്. പഴയ രീതിയിലുള്ള ഇലക്ട്രിഫിക്കേഷനാണ് ഇവിടെ ഇപ്പോഴും.

താളം തെറ്റുന്ന പ്രവർത്തനങ്ങൾ

മഴപെയ്താൽ പിന്നെ പുറമറ്രം വില്ലേജ് ഓഫീസ് കുളമാണ്. താളം തെറ്രുന്ന പ്രവർത്തനങ്ങളും. വെള്ളത്തിലിരുന്നാണ് വില്ലേജ് ഓഫിസർ അടക്കം ജോലി ചെയ്യുന്നത്. ചോരുന്നിടത്ത് ബക്കറ്റ് വച്ചിട്ടുണ്ട്. വില്ലേജ് ഓഫീസറുടെ മുറി ചോരുന്നതിനാൽ പുറത്തുള്ള മുറിയിൽ ഇരുന്നാണ് ജോലി ചെയ്യുന്നത്. ആകെ മൂന്ന് മുറിയും വരാന്തയും ആണ് ഇവിടുള്ളത്. ഫയൽ സൂക്ഷിക്കാൻ അലമാരയോ സൗകര്യങ്ങളോ ഇല്ല.

ജീവനക്കാരില്ല : ആകെ 4 പേർ

വില്ലേജ് ഓഫീസറും രണ്ട് അസിസ്റ്റന്റും ഒരു എൽ.ജി.എസും ആണ് ഇവിടെ ജോലി ചെയ്യുന്നത്. സർവീസുകൾ എല്ലാം ഓൺലൈൻ ആയെങ്കിലും കംമ്പ്യൂട്ടർ ഉപയോഗിക്കാൻ അറിയുന്ന ജീവനക്കാർ ഇല്ല. നാല് പേരിൽ വില്ലേജ് ഓഫീസർ ഒഴികെ ഒരാൾക്ക് മാത്രമാണ് കംമ്പ്യൂട്ടർ ഉപയോഗിക്കാൻ അറിയാവുന്നത്. ഒരു ഫീൽഡ് അസിസ്റ്റന്റ് ഓഫീസറുടെ കുറവും ഉണ്ട്. സെർവറുകൾ ബ്ലോക്ക് ആകുമ്പോൾ അത്യാവശ്യമായ ഉപഭോക്താക്കൾ നേരിട്ട് വരാറുണ്ട്. ഇവർക്ക് ഇരിക്കാനുള്ള സൗകര്യം പോലും ഇവിടില്ല. ക്യൂനിൽക്കാൻ പോലും സൗകര്യം ഇല്ലാതെ പരിതാപകരമാണ് ഈ ഓഫീസിന്റെ അവസ്ഥ.

മഴപെയ്താൽ നിറയെ വെള്ളമാണ്. ഫയലുകളും നനയുന്നുണ്ട്. വരുന്നവർക്ക് ഇരിക്കാൻ ‌ സ്ഥലമില്ല.

തങ്കമണി

(പ്രദേശ വാസി)

-കെട്ടിടത്തിന് 25 വർഷത്തെ പഴക്കം

-പുനർ നിർമ്മാണം നടത്തിയിട്ടില്ല

-പുറമറ്റം വില്ലേജ് ആഫീസിന്റെ പരിധിയിൽപ്പെടുന്നത്

3778 കുടുംബങ്ങൾ

-മല്ലപ്പള്ളി താലൂക്കിലെ വലിയൊരു പ്രദേശം ഉൾക്കൊള്ളുന്ന വില്ലേജ്.

-ദിവസവും നിരവധിയാളുകൾ എത്തുന്ന സ്ഥലം.

-6660 പുരുഷൻമാരും 7409 സ്ത്രീകളുമടക്കം 14069 അംഗങ്ങളുമുണ്ട്