vismaya-park
ഉപജില്ലയിലെ 12 വിദ്യാലയങ്ങളിൽ ആരംഭിച്ച ശാസ്ത്രവിസ്മയ പാർക്കിന്റെ ഉദ്ഘാടനം സജിചെറിയാൻ എം.എൽ.എ നിർവ്വഹിക്കുന്നു

ചെങ്ങന്നൂർ: നിരീക്ഷണ പരീക്ഷണങ്ങളിലൂടെയും കൗതുകങ്ങളുടെ രസക്കാഴ്ചയിലൂടെയും ശാസ്ത്രത്തിന്റെ ഉളളറ രഹസ്യങ്ങൾ വിദ്യാർത്ഥികൾക്ക് തുറന്ന് നൽകി ഉപജില്ലയിലെ 12 വിദ്യാലയങ്ങളിൽ ശാസ്ത്രവിസ്മയ പാർക്കുകൾ ഒരുങ്ങി. അദ്ധ്യാപകന്റെ വാക്കുകളിൽ നിന്നും പുസ്തകങ്ങളിലെ വരികളിൽ നിന്നും മാത്രം അറിഞ്ഞ ശാസ്ത്രതത്വങ്ങളെ നേരനുഭവത്തിലൂടെ സ്വായത്തമാക്കുവാനുള്ള അവസരമാണ് ശാസ്ത്രവിസ്മയ പാർക്കുകൾ നൽകുന്നത്. ചെങ്ങന്നൂർ ബി.ആർ.സിയുടെ ആഭിമുഖ്യത്തിൽ വിദഗ്ധ അദ്ധ്യാപകരുടെ സഹായത്തോടെ 12 വിദ്യാലയങ്ങൾക്ക് 25000 രൂപ വീതം ചെലവാക്കി ശാസ്ത്രവിസ്മയ പാർക്കുകൾ നിർമ്മിച്ച് നൽകി. പാതാളക്കിണർ, റേബോക്‌സ് പോലെയുള്ള പ്രകാശ ഉപകരണങ്ങൾ, വിവിധതരം പെരിസ്‌കോപ്പുകൾ, ഭൂഗുരുത്വകേന്ദ്രം തെളിയിക്കുന്ന ഉപകരണം, പെന്റുലങ്ങൾ തുടങ്ങി യു.പി വിഭാഗം വിദ്യാർത്ഥികൾക്കായുള്ള 50 തരം ഉപകരണങ്ങളാണ് ശാസ്ത്രവിസ്മയ പാർക്കിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. പേരിശേരി ഗവ.യു.പി.സ്‌ക്കൂളിലെ പ്രഥമ അദ്ധ്യാപകന് ഉപകരണങ്ങൾ നൽകിപദ്ധതിയുടെ ഉപജില്ലാതല ഉദ്ഘാടനം സജി ചെറിയാൻ എം.എൽ.എ നിർവഹിച്ചു. പുലിയൂർ പഞ്ചായത്ത് വൈസ്പ്രസിഡന്റ് എം.ജി ശ്രീകുമാർ അദ്ധ്യക്ഷത വഹിച്ചു. ചെങ്ങന്നൂർ ബ്ലോക്ക് പ്രോഗ്രാം ഓഫീസർ ജി.കൃഷ്ണകുമാർ, പുലിയൂർ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ കെ.ബിന്ദു, എസ്.എം.സി ചെയർമാൻ രാജേഷ് ബാബു, മാതൃസമിതി പ്രസിഡന്റ് പ്രീത സുനിൽ, ശാസ്ത്രക്ലബ് കൺവീനർ എം.ജി. ജയശ്രീ എന്നിവർ സംസാരിച്ചു. ശാസ്ത്രവിസ്മയ പാർക്കിന്റെ ചുമതലയുള്ള ബിജി.ആർ ഉപകരണങ്ങൾ വേദിയിൽ പരിചയപ്പെടുത്തി.