കൊടുമൺ: ഏഴംകുളം - കൈപ്പട്ടൂർ റോഡിൽ കൊടുമൺ സ്റ്റേഡിയത്തിന് മുൻപിലായി രൂപപ്പെട്ട വെള്ളക്കെട്ട് ദുരിതമാകുകയാണ്. റോഡിന്റെ ഇരുവശത്തും ഓടകളില്ലാത്തതാണ് വെള്ളക്കെട്ടിന് കാരണം. മുൻപ് ഇവിടെ നിന്ന് മഴവെള്ളം പഞ്ചായത്ത് സ്റ്റേഡിയത്തിലൂടെ സമീപത്തെ തോട്ടിലേക്കാണ് ഒഴുകിയിരുന്നത്. എന്നാൽ സ്റ്റേഡിയം നവീകരിക്കുന്നതിന്റെ ഭാഗമായി മണ്ണിട്ട് ഉയർത്തിയതോടെ വെള്ളത്തിന്റെ ഒഴുക്ക് തടസപ്പെട്ടു. വെള്ളക്കെട്ട് കാരണം സമീപത്തെ മൂന്നു സ്കൂളിലെ കുട്ടികൾ റോഡിന്റെ മദ്ധ്യഭാഗത്ത് കൂടിയാണ് നടന്ന് നീങ്ങുന്നത്. ഇതു അപകടങ്ങൾക്ക് കാരണമാകും. കൂടാതെ വാഹനങ്ങൾ കടന്നുപോകുമ്പോൾ ചെളിവെള്ളം തെറിക്കുന്നതും പതിവാണ്. നാട്ടുകാർ നിരവധി തവണ പരാതികളുമായി രംഗത്തെത്തിയെങ്കിലും ഫലവുമുണ്ടായിട്ടില്ല .റോഡിന് ഇരുവശവും ഓടകൾ നിർമിച്ചാൽ പരിഹാരമൊരുക്കാനാകും.