> പമ്പ ത്രിവേണിയിൽ നിന്ന് ദേവസ്വം ബോർഡ് മണൽ ശേഖരിച്ചു തുടങ്ങി

പത്തനംതിട്ട: തർക്കങ്ങൾക്കൊടുവിൽ പമ്പയിൽ നിന്ന് മണൽ വാരാൻ ദേവസ്വം ബോർഡിന് വനംവകുപ്പിന്റെ അനുമതി. ഇന്നലെ ത്രിവേണി പാലത്തിന് സമീപത്തുളള മണൽ ദേവസ്വം ബോർഡ് ശേഖരിച്ചു തുടങ്ങി. രാവിലെ എട്ടര മുതൽ സന്നിധാനത്തേക്ക് മണൽ ട്രാക്ടറിൽ കയറ്റിക്കൊണ്ടുപോയി. 16ലോഡ് മണൽ ഇന്നലെ സന്നിധാനത്തെത്തിച്ചു.

പ്രളയത്തെ തുടർന്ന് നദിയിൽ നിന്ന് ത്രിവേണിയിൽ കോരിയിട്ട മണൽ ദേവസ്വം ബോർഡിന് സൗജന്യമായി വിട്ടു കൊടുക്കാൻ സംസ്ഥാന സർക്കാൻ നിർദേശിച്ചിരുന്നു. മന്ത്രിസഭാ തീരുമാനമുണ്ടായിട്ടും മണൽ വിട്ടുകൊടുക്കാതിരുന്ന വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നിലപാട് വിവാദമായിരുന്നു. മണൽ വാരാൻ രണ്ടുതവണ ദേവസ്വം ബോർഡിന്റെ കാരാറുകാർ എത്തിയപ്പോൾ വനംവകുപ്പ് ഉദ്യോഗസ്ഥർ തടയുകയുമുണ്ടായി. സർക്കാരിൽ നിന്ന് ഉത്തരവ് ലഭിച്ചില്ലെന്ന കാരണം പറഞ്ഞാണ് തടഞ്ഞത്. ദേവസ്വം, വനംവകുപ്പ് മന്ത്രിമാർ പങ്കെടുത്ത മന്ത്രിസഭാ യോഗത്തിന്റെ മിനിട്സ് ഹാജരാക്കിയിട്ടു പോലും മണൽ വാരാൻ അനുവദിച്ചിരുന്നില്ല.

കഴിഞ്ഞയാഴ്ച കളക്‌ടറേറ്റിൽ ചേർന്ന ശബരിമല അവലോകന യോഗത്തിലും മണൽ വിട്ടുകൊടുക്കാൻ വനംവകുപ്പിന് നിർദേശം നൽകിയിരുന്നു. ഇതനുസരിച്ച് മന്ത്രിസഭാ യോഗത്തിന്റെ മിനിട്സുമായി മണൽ വാരാൻ ചെന്നപ്പോൾ വനപാലകർ വീണ്ടും തടഞ്ഞു. ഇതേത്തുടർന്ന് ദുരന്തനിവാരണ വകുപ്പ് പ്രകാരം മണൽ നീക്കാൻ ജില്ലാ കളക്ടർ ഉത്തരവിട്ടു. തടഞ്ഞാൽ ദുരന്ത നിവാരണ വകുപ്പ് കേസെടുക്കുമെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നു. ഇതിനിടെ, കഴിഞ്ഞ ദിവസങ്ങളിലെ കനത്ത മഴയിൽ മണലിൽ വലിയൊരു ഭാഗം ഒലിച്ച് നദിയിലേക്കിറങ്ങി.

ഇതിനു പിന്നാലെയാണ് ത്രിവേണിയിൽ നിന്ന് മണൽ ശേഖരിക്കാനുളള പാസ് വനംവകുപ്പ് നൽകിയത്. ത്രിവേണിയിലെ മണൽ നിർമാണങ്ങൾക്ക് പറ്റിയതാണെന്ന് ദേവസ്വം ബോർഡിന്റെ സാങ്കേതിക വിദഗ്ദ്ധർ അറിയിച്ചിരുന്നു.

മണലെത്തിയത് പ്രളയത്തെ തുടർന്ന്

ദേവസ്വം ബോർഡിന്റെ പണികൾക്ക്

മണലെടുക്കാമെന്ന് സർക്കാർ പറഞ്ഞിരുന്നു..

വനംവകുപ്പിന്റെ തടസം മൂലം നടന്നില്ല

70 ശതമാനം മണലും കഴിഞ്ഞ മഴയിൽ ഒഴുകിപ്പോയി

വനംവകുപ്പിന്റെ അനുമതി ലഭിച്ചത് ഇതിനുശേഷം

-----------------

പമ്പയിൽ ദേവസ്വം ബോർഡിന് നൽകാൻ തീരുമാനിച്ച എഴുപത് ശതമാനം മണലും ഒഴുകിപ്പോയി. ഇതുകാരണം നദിയുടെ അടിത്തട്ട് വീണ്ടും ഉയർന്നു. ഇനിയും മഴ പെയ്താൽ പമ്പയുടെ അടിത്തട്ട് വീണ്ടും ഉയർന്ന് വെളളപ്പൊക്കത്തിന് സാദ്ധ്യതയുണ്ട്

പൊതുമരാമത്ത് അധികൃതർ

>

മണൽ ഉപയോഗിക്കുന്നത് ഇവയുടെ നിർമ്മാണത്തിന്

സന്നിധാനത്ത് അന്നദാന മണ്ഡപം.

പമ്പയിൽ വനിതകൾക്കുളള ശുചിമുറികൾ.

നിലയ്ക്കലിൽ ശുചിമുറികൾ.