സീതത്തോട് : സീതത്തോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റായി സി.പി.ഐയിലെ ബീനാ മുഹമ്മദ് റാഫിയെയും വൈസ് പ്രസിഡന്റായി സി.പി.എമ്മിലെ പി.ആർ.പ്രമോദിനെയും തിരഞ്ഞെടുത്തു. ഇടതുമുന്നണിയിലെ ധാരണ പ്രകാരം സി.പി.എമ്മും സി.പി.ഐയും പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങൾ പരസ്പരം മാറുന്നതിന്റെ ഭാഗമായി നിലവിലെ പ്രസിഡന്റ് സി.പി.എമ്മിലെ ലേഖാസുരേഷും വൈസ് പ്രസിഡന്റ് സി.പി.ഐയിലെ ജി.നന്ദകുമാറും രാജിവച്ചിരുന്നു.
ഇന്നലെ നടന്ന തിരഞ്ഞെടുപ്പിൽ ഇടതുമുന്നണി സ്ഥാനാർത്ഥികൾക്ക് പത്ത് വോട്ട് വീതം ലഭിച്ചു. കോൺഗ്രസിൽ നിന്ന് പ്രസിഡന്റ് ,വൈസ് പ്രസിഡന്റ് സ്ഥാനങ്ങളിലേക്ക് മത്സരിച്ച സൂസൻ മേബിൾ സലീമിനും സുമേഷ് കുമാറിനും മൂന്നു വോട്ട് വീതം ലഭിച്ചു.
പ്രസിഡന്റ് സ്ഥാനം അവസാന രണ്ട് വർഷം സി.പി.ഐക്ക് നൽകണമെന്ന ഇടതുമുന്നണി ധാരണ പ്രകാരമാണ് സി.പിഎം പ്രസിഡന്റ് പദവി ഒഴിഞ്ഞത്. മൂന്നുകല്ല് 12- ാം വാർഡിനെ പ്രതിനിധീകരിക്കുന്ന ബീനാ മുഹമ്മദ് റാഫി തുടർച്ചയായി മൂന്ന് തവണ ഗ്രാമ പഞ്ചായത്ത് അംഗമാണ്. പി.ആർ.പ്രമോദ് കോട്ടമൺപാറ ഒന്നാം വാർഡിനെ പ്രതിനിധീകരിക്കുന്നു.