image
ശാസ്താം ക്ഷേത്രം റോഡിലെ വെള്ളക്കെട്ട്

പത്തനംതിട്ട: നഗരത്തിലെ ഉപറോഡുകൾ ഒട്ടുമിക്കവയും തകർന്നു തരിപ്പണമായി. പലയിടത്തും മലിന ജലം കെട്ടികിടന്ന് രോഗ ഭീതിയിലായി കഴിഞ്ഞു. ഒന്നും കണ്ട ഭാവം നടിക്കാതെ അധികൃതർ തുടരുകയാണ്. ജനറൽ ആശുപത്രിക്ക് പുറകിൽ കൂടിയുള്ള ഡോക്ടേഴ്സ് ലെയിൻ റോഡ് പൂർണമായും തകർന്നു. മഴപെയ്തതോടെ ഇതുവഴിയുള്ള യാത്ര ദുരിതമായിരിക്കുകയാണ്. നഗരത്തിലെ പ്രധാന ഉപ റോഡാണിത്. ഡോക്ടർമാർ ഈ ഭാഗത്ത് താമസിക്കുന്നതിനാൽ അവരെ കാണാൻ വരുന്ന രോഗികൾ ഈ റോഡിൽ കൂടിയാണ് എത്തുന്നത്. ജനറൽ ആശുപത്രി പടിക്കൽ നിന്നും കോളേജ്‌ റോഡിലേക്ക് പ്രവേശിക്കാനുള്ള എളുപ്പ വഴിയാണിത്. കഷ്ടിച്ച് ഒരു ഓട്ടോറിക്ഷക്ക്‌ പോകാനുള്ള വീതി മാത്രമാണുള്ളത്‌. റോഡിലേക്ക് മാലിന്യങ്ങളും വലിച്ചെറിയുന്നുണ്ട്. ശാസ്താക്ഷേത്രത്തിന് മുന്നിൽ കൂടിയുള്ള റോഡിൽ മഴക്കാലത്ത് സഞ്ചരിക്കാനെ പറ്റാത്ത അവസ്ഥയാണ്. കെ.എസ്.ആർ.ടി.സി സ്റ്റാൻഡിന് മുമ്പിലേക്കാണ് ഈ റോഡ് ചെന്നെത്തുന്നത്. ദേവസ്വം ബോർഡിന്റെയും സർക്കാർ സ്ഥാപനങ്ങളുടെയും ഓഫീസുകളും ഈ റോഡിനോട് ചേർന്നാണ് പ്രവർത്തിക്കുന്നത്. മനുഷ്യ വിസർജ്യം ഉൾപ്പെടെയുള്ള മലിനജലം റോഡിൽ കെട്ടിക്കിടന്നുണ്ട്. തൈക്കാവ് റോഡിൽനിന്നും കെ.എസ്.ആർ.ടി.സി സ്റ്റാൻഡിലേക്ക് പോകുന്ന റോഡും പൊട്ടിപൊളിഞ്ഞു. പഴയ പ്രസ്‌ക്ലബ് റോഡും തകർന്ന് റോഡിൽ വെള്ളക്കെട്ട് രൂപപെട്ടു. ടി.കെ.റോഡിൽ നിന്നും ബസുകൾ പഴയ സ്റ്രാൻഡിലേക്ക് പ്രവേശിക്കുന്ന വളവിൽ വലിയ കുഴികളാണ്. പഴയ ബസ് സ്റ്റാൻഡിന് പുറകിൽ കൂടി കടമ്മനിട്ട റോഡിലേക്ക് പ്രവേശിക്കുന്ന ഉപറോഡും തകർന്ന് ചെളിവെള്ളം കെട്ടിക്കിടക്കുന്നുണ്ട്. സെന്റ് മേരീസ് സ്‌കൂൾ വെട്ടിപ്പുറം റോഡിൽ കൂടി സഞ്ചരിക്കാൻ കഴിയാത്ത വിധം വലിയ കുഴികളാണ് ഉള്ളത്. ചിറ്റൂർ റോഡും തകർന്ന് കിടക്കുകയാണ്. ഈ റോഡിലും ആളുകൾ മാലിന്യങ്ങൾ നിക്ഷേപിക്കുന്നുണ്ട്. റോഡരികിൽ കവറുകളിലും മറ്റും തളളുന്ന മാലിന്യങ്ങൾ ചീഞ്ഞ് റോഡിലേക്ക് ഒഴുകുകയാണിപ്പോൾ.

ഉപറോഡുകളുടെ പുനർ നിർമ്മാണത്തിൽ എന്തൊക്കെയോ കാട്ടികൂട്ടുകയാണ്. നാളുകളായി ഇങ്ങനെയാണ്. കുറേ പരാതികൾ കിട്ടുമ്പോൾ റോഡ് ശരിയാക്കാൻ നടപടികളെടുക്കുമെങ്കിലും രണ്ട് മാസത്തിനുള്ളിൽ റോഡ് പിന്നെയും പഴയ പടിയാകും.

വർഗീസ് മാത്യു

(യാത്രക്കാരൻ)

-റോഡുകളിൽ ചെളിവെള്ളം കെട്ടികിടക്കുന്നു

-കാലുകുത്തിയാൽ രോഗങ്ങൾ ഉറപ്പ്

-മാലിന്യങ്ങൾ ചീഞ്ഞളിഞ്ഞ് റോഡിൽ