മല്ലപ്പള്ളി: മണിമലയാറ്റിൽ നിന്നും ജലം ശേഖരിച്ച് മൂന്ന് പഞ്ചായത്തുകളുടെ കുടിവെള്ള പ്രശ്‌നം പരിഹരിക്കുന്ന പദ്ധതിയുടെ രണ്ടാം ഘട്ടത്തിന്റെ ഉദ്ഘാടനം ആഗസ്റ്റ് 2ന് വൈകിട്ട് 4.30ന് മന്ത്രി കെ.കൃഷ്ണൻകുട്ടി മല്ലപ്പള്ളി ടൗണിൽ നിർവഹിക്കും. മല്ലപ്പള്ളി, ആനിക്കാട്, കോട്ടാങ്ങൽ കുടിവെള്ള പദ്ധതിക്കായി ദേശീയ ഗ്രാമീണ ശുദ്ധജല വിതരണ പദ്ധതിയിൽ ഉൾപ്പെടുത്തി 2014 ആരംഭിച്ച പദ്ധതിയുടെ ഒന്നാംഘട്ടത്തിൽ 6.78 കോടി ചെലവഴിച്ച് ജലശേഖരിക്കുന്നതിനുള്ള കിണറും, പുളിക്കാമലയിൽ 100 ലക്ഷം ലിറ്റർ ജലം പ്രതിദിനം ശുദ്ധീകരിച്ച് വിതരണം ചെയ്യുന്നതിനുള്ള പ്രവർത്തികൾ അന്തിമഘട്ടത്തിലാണ്. രണ്ടാംഘട്ടത്തിൽ ശുദ്ധകരിച്ച ജലം വിതരണം ചെയ്യുന്നതിന് പുളിക്കാമല, കാവുങ്കഴമല, കാട്ടാമല, വായ്പ്പൂര് തൃച്ചേർപ്പുറം, നാരകത്താനി, പൊന്നിരിക്കുംപാറ എന്നീ 6 സ്ഥലങ്ങളിൽ പുതിയ ടാങ്കുകളും പരയ്ക്കത്താനം, കൈപ്പറ്റ, കാരിക്കാമല, ഹനുമാൻകുന്ന് എന്നിവിടങ്ങളിലെ ടാങ്കുകൾ നവീകരിച്ചും, ശാസ്താംകോയിക്കൽ, ഹനുമാൻകുന്ന് എന്നിവിടങ്ങളിൽ ഭൂതല ടാങ്കുകളും ഉൾപ്പെടെ 12 സ്ഥലങ്ങളിൽ ജലം ശേഖരിച്ച് വിതരണം ചെയ്യും. ഇതിലേക്കായി 24 കോടി രൂപാ സംസ്ഥാന പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് നിർമ്മിക്കുന്നത്. 3-ാം ഘട്ടത്തിൽ വിതരണ ശൃഖലയ്ക്കുള്ള സർവേനടപടികൾ മൂന്ന് പഞ്ചായത്തുകളിലെ 31 വാർഡുകളിൽ പുരോഗമിക്കുകയാണ്. ഈ പദ്ധതി യാഥാർത്ഥ്യമാകുന്നതോടുകൂടി പ്രതിദിനം 70 ലിറ്റർ ആളോഹരി വിഹിതമായി 57310 പേർക്ക് പ്രയോജനം ലഭിക്കുന്ന തരത്തിലാണ് പദ്ധതി. സംസ്ഥാന ഗവൺമെന്റ് റീബിൽഡ് കേരളയിൽ ഉൾപ്പെടുത്തി പദ്ധതി പൂർത്തിയാക്കുവാനുള്ള അംഗീകാരം ലഭിച്ചിട്ടുണ്ടെന്ന് മല്ലപ്പള്ളി പഞ്ചായത്ത് ഓഫീസിൽ നടന്ന അവലോകന യോഗത്തിൽ എം.എൽ.എ അഡ്വ.മാത്യു ടി തോമസ് അറിയിച്ചു. യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റുമാരായ റെജി ശാമുവേൽ മല്ലപ്പള്ളി, തോമസ് മാത്യു ആനിക്കാട്, ബിന്ദു ദേവരാജൻ കോട്ടാങ്ങൽ, രോഹിണി ജോസ്, ജോസഫ് ഇമ്മാനുവേൽ, അലക്‌സ് കണ്ണമല, എം.മധു, വൈ.സജീദ, എസ്.സുനിൽ, ജെ.എസ്. ശ്രീല, രശ്മി ഗോപിനാഥ്,അസി.സെക്രട്ടറി സാം കെ. സലാം തുടങ്ങിയവർ പങ്കെടുത്തു.