maruthur-kadav

> മരുതൂർ കടവിൽ 100 മീറ്റർ നീളത്തിൽ തീരം ഇടിഞ്ഞു

> മൂന്ന് വീടുകൾ വെള്ളത്തിലേക്ക്

> പരപ്പുഴ കടവിൽ പരിശോധന ആരംഭിച്ചു

പത്തനംതിട്ട: മഴയെ തുടർന്ന് നിരവധി വീടുകൾക്ക് ഭീഷണിയായി പമ്പയുടെ തീരം വ്യാപകമായി ഇടിയുന്നു. പ്രളയത്തെ തുടർന്ന് പുനർനിർമിച്ച വീടുകളാണ് സുരക്ഷിതത്വ ഭീഷണി നേരിടുന്നത്. കോഴഞ്ചേരി മല്ലപ്പുഴശേരി മരുതൂർ, പരപ്പുഴ കടവ് ഭാഗങ്ങളിലാണ് തീരമിടിച്ചിൽ വ്യാപകം.
മരുതൂർകടവ് പാറയിൽ പീറ്റർ ജോർജ്, തോമസ് കുട്ടി,ജെയിംസ് കുട്ടി എന്നിവരുടെ വീടുകൾ ഭീഷണി നേരിടുകയാണ്. കഴിഞ്ഞ ദിവസങ്ങളിലെ ശക്തമായ മഴയിൽ പമ്പയിലെ ജലനിരപ്പ് ഉയർന്ന് കുത്തൊഴുക്കിൽ മരുതൂർ കടവിലെ വീടുകളുടെ മുൻ വശത്തുള്ള മുളംകൂട്ടം തിട്ട ഇടിഞ്ഞു വെള്ളത്തിലേക്ക് മറിഞ്ഞു. നദീതീരം താഴുകയും ചെയ്തു. വീടുകൾ ഇരിക്കുന്ന സ്ഥലത്തു നിന്ന് നാല് മീറ്റർ അകലം മാത്രമേ നദിയിലേക്കുള്ളു. 100 മീറ്റർ നീളത്തിലാണ് നദീ തീരം ഇടിഞ്ഞിട്ടുള്ളത്. ഇവിടെ പ്രളയത്തിൽ തകർന്ന രണ്ടു വീടുകൾ പുനർനിർമിച്ചു താമസം ആരംഭിച്ചതാണ്. ഒരു വീടിന്റെ നിർമാണം നടന്നു വരുന്നു.
പരപ്പുഴ കടവിനോടു ചേർന്ന തീരവും ഇടിയുന്നുണ്ട്. ഇതുസംബന്ധിച്ച് റിപ്പോർട്ട് നൽകാൻ ജലസേചന വിഭാഗം അസി.എൻജിനീയറെ ചുമതലപ്പെടുത്തി.

പമ്പയുടെ തീരം ഇടിഞ്ഞ് വീടുകൾ അപകടാവസ്ഥയിലായ സ്ഥലങ്ങൾ സന്ദർശിച്ച് റിപ്പോർട്ട് നൽകാൻ മേജർ ഇറിഗേഷൻ വകുപ്പ് എക്‌​സിക്യൂട്ടീവ് എൻജിനീയർക്ക് ജില്ലാ കളക്ടർ പി.ബി. നൂഹ് നിർദേശം നൽകി. ദുരന്ത നിവാരണം ഡെപ്യൂട്ടി കളക്ടർ ആർ. ബീനറാണിയുടെ നേതൃത്വത്തിൽ റവന്യു ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ച് അപകടസ്ഥിതി വിലയിരുത്തി കളക്ടറെ അറിയിക്കുകയും ചെയ്തു. ദുരന്ത നിവാരണ വിഭാഗം ജൂനിയർ സൂപ്രണ്ട് എം.ആർ സുരേഷ് കുമാർ, മല്ലപ്പുഴശേരി സ്‌​പെഷൽ വില്ലേജ് ഓഫീസർ കെ. പ്രസന്നൻ എന്നിവർ സ്ഥലം സന്ദർശിച്ച സംഘത്തിലുണ്ടായിരുന്നു.


റവന്യു സംഘത്തിന്റെ റിപ്പോർട്ട്

1.മഴ ശക്തിപ്പെട്ടാൽ സ്ഥിതി ഗുരുതരമാകും.

പമ്പയിലെ ജലനിരപ്പ് ഉയർന്നാൽ വീടുകൾ ഉളള ഭാഗങ്ങളിൽ വീണ്ടും തിട്ട ഇടിച്ചിൽ ഉണ്ടാകാം. ഇത് വീടുകളെ അപകടത്തിലാക്കും.

2. സംരക്ഷണ ഭിത്തി കെട്ടുന്നത് വരെ മറ്റൊരിടത്തേക്ക്

മാറിത്താമസിക്കാൻ അധികൃതർ വീട്ടുകരോട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ, തങ്ങൾ അവിടെത്തന്നെ കഴിഞ്ഞോളാമെന്നായിരുന്നു മറുപടി.

3. തീരം ഇടിച്ചിൽ തടയാൻ അടിയന്തര അറ്റകുറ്റപ്പണി അനിവാര്യമാണ്.


>

ജല നിരപ്പ് താഴാതെ സംരക്ഷണ ഭിത്തി നിർമാണം നടക്കില്ല
പമ്പയിലെ ജലനിരപ്പ് ഉയർന്ന് നിൽക്കുന്നതിനാൽ തീരത്ത് സംരക്ഷണ ഭിത്തി കെട്ടുന്നത് എളുപ്പമല്ല. വെളളം താഴുന്നതുവരെ അപകട ഭീഷണിയുളള വീടുകളുടെ തീരങ്ങളിൽ കല്ലുകൾ അടുക്കാനാണ് തീരുമാനം.


>

''

വീടുകളുടെ ഭാഗത്തെ തീരം ഇടിയുന്നത് തടയാൻ സംരക്ഷണ ഭിത്തി കെട്ടും. ഇതിനുളള എസ്റ്റിമേറ്റ് ഇറിഗേഷൻ വിഭാഗം തയ്യാറാക്കി വരുന്നു.

ദുരന്ത നിവാരണ വിഭാഗം