അടൂർ: സുരക്ഷാ ഇടനാഴിയായി വികസിപ്പിച്ചെടുത്ത എം.സി റോഡിലേക്ക് ഏനാത്ത് - കടമ്പനാട് റോഡിൽ നിന്നുമുള്ള ചെറിയ ലിങ്ക് റോഡിലൂടെയുള്ള ഗതാഗതം നിരോധിക്കണമെന്ന് കെ.എസ്.ടി.പിയോട് ഏനാത്ത് പൊലീസ് രേഖാമൂലം ആവശ്യപ്പെട്ടു. ഈ ഭാഗത്ത് അടിക്കടി വാഹനാപകടങ്ങൾ ഉണ്ടാകുന്നത് കണക്കിലെടുത്താണിത്. കാൽനട യാത്രയ്ക്ക് ഈ പാത വിനിയോഗിക്കത്തക്കവിധം വേണം റോഡ് അടയ്ക്കേണ്ടതെന്നും പൊലീസ് നിർദ്ദേശം നൽകിയിട്ടുണ്ട്. ഇത് സംബന്ധിച്ച് നടപടി സ്വീകരിക്കാമെന്ന ഉറപ്പ് കെ.എസ്.ടി.പി നൽകി കഴിഞ്ഞു. അതേസമയം വ്യാപാരത്തെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി ഒരു വിഭാഗം വ്യാപാരികൾ പ്രതിഷേധവുമായി രംഗത്തെത്തി. പുതിയ പാലവും റോഡും നിർമ്മിച്ചതോടെ എം.സി റോഡിനെ ഏനാത്ത് ടൗണുമായി ബന്ധിപ്പിക്കാൻ ആദ്യം നിർമ്മിച്ച ലിങ്ക് റോഡാണിത്. പിന്നീട് വീതിയേറിയ മറ്റൊരു പാത നിർമ്മിച്ചതോടെ വാഹനഗതാഗതം സുഗമമായി. വീതിക്കുറവും ചെങ്കുത്തായ കയറ്റവുമാണ് ഈ പാതയിൽ അപകടം ക്ഷണിച്ചു വരുത്തുന്നത്. കയറ്റം കയറി വരുന്ന വാഹനത്തിന്റെ ഡ്രൈവർമാർക്ക് എം.സി റോഡിലൂടെ ചീറിപാഞ്ഞു വരുന്ന വാഹനങ്ങൾ മുൻകൂട്ടി കാണാൻ കഴിയില്ല. ഇതു വഴി നിരവധി അപകടങ്ങൾ അടുത്തിടെയായി ഉണ്ടായി. ഒരേ സമയം ഇരു ദിശകളിൽ നിന്നും വാഹനം വന്നാൽ കയറ്റം കയറി വരുന്ന വാഹനം പലപ്പോഴും നിയന്ത്രണം വിട്ട് താഴെക്ക് തെന്നിമാറി അപകടം ഉണ്ടാകുന്നതും പതിവാണെന്ന് വ്യാപരികൾ പറയുന്നു. അടിയന്തരമായി ഇതുവഴിയുള്ള വാഹന ഗതാഗതം നിരോധിക്കണമെന്നാണ് നാട്ടുകാരുടെയും ആവശ്യം. എം.സി റോഡിൽ അടിക്കടിയുണ്ടാകുന്ന വാഹനാപകടം ഒഴിവാക്കാൻ സ്വീകരിക്കേണ്ട മുൻകരുതലുകൾ സംബന്ധിച്ച് ഏനാത്ത് പൊലീസ് കെ.എസ്.ടി.പി ക്ക് സമർപ്പിച്ച മാർഗനിർദ്ദേശത്തിലാണ് ഈ കാര്യമുള്ളത്.