ഇളമണ്ണൂർ : പാതയോരങ്ങളിലെ തണൽ മരങ്ങൾ അപകട ഭീഷണിയാകുന്നു. പത്തനാപുരം അടൂർ പാതയിൽ ഏതു നിമിഷവും നിലംപതിക്കാവുന്ന തരത്തിൽ നിരവധി വൃക്ഷങ്ങളാണുള്ളത്. മിക്കയിടങ്ങളിലും എതിർവശത്തുനിന്നും വരുന്ന വാഹനങ്ങൾ പോലും കാണാൻ കഴിയാത്ത തരത്തിൽ കൂറ്റൻമരങ്ങൾ റോഡിലേക്ക് ഇറങ്ങി നിൽക്കുന്നുണ്ട്. മാരൂർ,തോട്ടപ്പലം, പുതുവൽ, ശാലേംപുരം,മേഖലകളിലാണ് അപകടഭീഷണിയായി മരങ്ങൾ നിൽക്കുന്നത്. വർഷങ്ങൾ പഴക്കം ചെന്ന മരങ്ങൾ എല്ലാം ഭൂരിഭാഗവും ഉണങ്ങി ഒടിഞ്ഞു വീഴാറായ സ്ഥിതിയിലാണ്. വഴിയോര തണൽ മര പദ്ധതി പ്രകാരം വർഷങ്ങൾക്ക് മുൻപ് പൊതുമരാമത്ത് വകുപ്പും വനംവകുപ്പും ചേർന്നാണ് മരങ്ങൾ വച്ച് പിടിപ്പിച്ചത്. എന്നാൽ പടർന്ന് പന്തലിച്ച് നിൽക്കുന്ന മരങ്ങൾ പലപ്പോഴും യാത്രക്കാർക്കും പ്രദേശവാസികൾക്കും അപകടമാണ് വരുത്തിവയ്ക്കുന്നത്. മരങ്ങളിൽ പലതും ചുവട്ദ്രവിച്ച് ഒടിഞ്ഞ് വീഴാറായി. അപകടസ്ഥിതിയിലുള്ള മരങ്ങൾ മുറിച്ച് മാറ്റണമെന്നാവശ്യപ്പെട്ട് നിരവധി തവണ നാട്ടുകാർ പരാതി പറഞ്ഞെങ്കിലും ഫലമില്ല. കലഞ്ഞൂർ ഇളമണ്ണൂർ പാതയിലും കലഞ്ഞൂർ പാടം പാതയിലും ഇത്തരത്തിൽ വ്യാപകമായി മരങ്ങളുണ്ട്. ഏതു നിമിഷവും അപകടത്തിന് കാരണമായേക്കാവുന്ന ഇത്തരം വൃക്ഷങ്ങൾ മുറിച്ചുമാറ്റാൻ അധികൃതർ തയാറായില്ലെങ്കിൽ വലിയ ദുരന്തമുണ്ടാകാൻ സാദ്ധ്യത ഏറെയാണ്.