image

പത്തനംതിട്ട : നഗരത്തിലെ ഓടകളുടെ പണി വീണ്ടും ഇഴയുന്നു. വഴിനടക്കാൻ പോലും പറ്റാത്ത സ്ഥിതി ആണിപ്പോൾ. ജനറൽ ആശുപത്രി പടിയിൽ ഓടയ്ക്ക് മുകളിൽ സ്ളാബ് ഇട്ടിട്ട് ഒരു മാസമാകുന്നു. അതും പകുതി സ്ഥലത്ത് മാത്രമേ ഓട വൃത്തിയാക്കി സ്ളാബ് ഇട്ടിട്ടുള്ളു. എപ്രിലിൽ യുവതിയുടെ കാൽ സ്ളാബിനിടയിൽ കുടുങ്ങിയിട്ട് ഫയർഫോഴ്സ് എത്തിയാണ് മോചിപ്പിച്ചത്. ഈ സ്ഥലത്ത് ചെരിപ്പു കൊണ്ട് കുഴിയുടെ ഒരു ഭാഗം അടച്ചുവച്ചിട്ടുണ്ട്. അല്ലാത്തപ്പോൾ കമ്പ് കുത്തി നാട്ടി അപകടമെന്ന് മുന്നറിയിപ്പ് നൽകും. ഇതൊക്കെ സമീപത്തെ വ്യാപാരികളും പ്രദേശവാസികളുമാണ് ചെയ്യുന്നത്. പൊതുമരാമത്ത് അധികൃതർ ഇതൊന്നും അറിഞ്ഞ മട്ടില്ല. ജനറൽ ആശുപത്രിയുടെ മുമ്പിലുള്ള സ്ഥലത്ത് മാത്രമാണ് പുതിയ സ്ളാബ് ഇട്ടിരിക്കുന്നത്. അത് ഉറച്ചാൽ മാത്രമേ അടുത്ത പണി ചെയ്യാനാകു എന്നാണ് പൊതുമരാമത്ത് ഉദ്യോഗസ്ഥർ പറയുന്നത്.

പൊലീസ് സ്റ്റേഷൻ റോഡിൽ ടൈലുകൾ പാകുന്ന പണിയും പൂർത്തീകരിച്ചിട്ടില്ല. ഇവിടെയും സ്ളാബിന്റെ പണി മുടങ്ങി.

ആശുപത്രി റോഡിലെ ഓടയിൽ വീഴാതിരിക്കാൻ സമീപം വീപ്പ വച്ചിട്ടുണ്ട്. വലിയ ഗതാഗതക്കുരുക്കുണ്ടാകുന്ന സ്ഥലമാണിത്. റോഡിലിറങ്ങി നടക്കാൻ പോലും പറ്റാത്ത രീതിയിൽ ദീർഘദൂര ബസുകൾ അടക്കം സർവീസ് നടത്തുന്ന പാതയാണിത്.

"രണ്ടാഴ്ചക്കുള്ളിൽ പണി പൂർത്തീകരിക്കും. സ്ലാബുകൾ ഉറച്ചാൽ മാത്രമേ ബാക്കി പണി നടക്കൂ. പൊലീസ് സ്റ്റേഷൻ റോഡിലെ ടൈലുകൾ പാകുന്ന പണിയും വേഗത്തിൽ പൂർത്തീകരിക്കും. "

പൊതുമരാമത്ത് അധികൃതർ