vegetable
ഇരവിപേരൂർ പഞ്ചായത്തിൽ വളർത്തിയെടുത്ത പച്ചക്കറി തൈകൾ വിതരണം ചെയ്യുന്നു

തിരുവല്ല: ഓണത്തിനുള്ള പച്ചക്കറി വിളവെടുപ്പ് ലക്ഷ്യമിട്ട് ഇരവിപേരൂർ പഞ്ചായത്തിൽ 40000 പച്ചക്കറി തൈകൾ വിതരണം പൂർത്തിയായി. വള്ളംകുളം, ഓതറ എന്നിവിടങ്ങളിലായി കുടുംബശ്രീ ഗ്രൂപ്പ് രൂപീകരിച്ചും മഴപ്പന്തൽ സ്ഥാപിച്ചും ഒറ്റത്തവണയായാണ് ഇത്രയും പച്ചക്കറി തൈകൾ ഉൽപ്പാദിപ്പിച്ച് വിതരണം ചെയ്തത്. ചീര, വഴുതന, വെണ്ട, പച്ചമുളക്, പാവൽ, പയർ എന്നീ ഇനത്തിൽപ്പെട്ട പച്ചക്കറി തൈകളാണ് വളർത്തിയെടുത്തത്. അടിസ്ഥാന സൗകര്യം ഒരുക്കാനും സൗജന്യമായി വിതരണം ചെയ്യാനുമായി പഞ്ചായത്ത് 325000 രൂപ പദ്ധതിയിൽ വിലയിരുത്തി. ഓതറ പള്ളിയോട കടവിലായിരുന്ന നഴ്‌സറി പ്രളയത്തിൽ നശിച്ചിരുന്നു. എന്നാൽ വള്ളംകുളം-തിരുവാമനപുരത്ത് സ്ഥാപിച്ച നഴ്‌സറിയാണ് ഇപ്പോൾ തൈവിതരണത്തിലേക്ക് എത്തിയിരിക്കുന്നത്. ഒരാൾക്ക് പരമാവധി 30 തൈകൾ എന്ന കണക്കിലാണ് വിതരണം ചെയ്തത്. സ്‌കൂളുകൾക്കും ക്ലബുകൾക്കും ആവശ്യാനുസരണം ലഭിക്കും. എല്ലാവരും കൃഷിയിലേക്ക് എന്ന ലക്ഷ്യംവെച്ച് ജൈവ അടുക്കളത്തോട്ടം പ്രോത്സാഹിപ്പിക്കാനാണ് നഴ്‌സറിയിലൂടെയുള്ള പച്ചക്കറി തൈവിതരണം ആരംഭിച്ചിരിക്കുന്നതെന്നും ഈ കൃഷിയെ ജൈവ മാലിന്യസംസ്‌ക്കരണമായി ബന്ധിപ്പിക്കുമെന്നും വിതരണോദ്ഘാടനം നിർവഹിച്ച പഞ്ചായത്ത് പ്രസിഡന്റ് അനസൂയാദേവി പറഞ്ഞു. വൈസ് പ്രസിഡന്റ് രാജീവ് എൻ, മെമ്പർമാരായ പ്രസന്നകുമാർ, വി.കെ ഓമനക്കുട്ടൻ, ബിന്ദു കെ നായർ, ശോശാമ്മ വി.ടി പഞ്ചായത്ത് സെക്രട്ടറി സുജാകുമാരി എസ്, കൃഷി ഓഫീസർ സുനിൽ വർഗീസ്, കൃഷി അസ്സിസ്റ്റന്റ് അനിൽകുമാർ, സലീം ജോൺ എന്നിവർ പങ്കെടുത്തു.