image

പത്തനംതിട്ട: ഓമല്ലൂരിൽ കെ.എസ്.ആർ.ടി.സി ബസും വാഗണർ കാറും കൂട്ടിയിടിച്ച് രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റു. ഇന്നലെ പുലർച്ചെ 5.30ന് പത്തനംതിട്ട - കൈപ്പട്ടൂർ റോഡിലെ ഓമല്ലൂർ കുരിശുംമൂട് ജംഗ്ഷനിലായിരുന്നു അപകടം. കാറിൽ സഞ്ചരിച്ച ചുനക്കര ചാരുംമൂട് കണിയാന്റെ കിഴക്കേതിൽ റഹീം (56), സഹോദരിയുടെ മകൻ നൗഫൽ (23) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മത്സ്യ വ്യാപാരികളായ ഇവർ കുമ്പഴ മാർക്കറ്റിൽ പണം പിരിക്കാനായി പോകവെയാണ് അപകടം. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ആദ്യം പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. പത്തനംതിട്ടയിൽ നിന്ന് കൊച്ചി അമൃത മെഡിക്കൽ കോളേജിലേക്ക് പോയതാണ് ബസ്. പന്തളം റൂട്ടിൽ നിന്ന് എത്തിയതാണ് കാർ. ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നു.