പത്തനംതിട്ട: കൂടുതൽ ദൂരത്തിലും ഉയരത്തിലും വെളളം ചീറ്റിച്ച് തീയണക്കാനുളള വാട്ടർ ബൗസർ വാഹനം പത്തനംതിട്ട അഗ്നിരക്ഷാ യൂണിറ്റിലെത്തി. ജില്ലയ്ക്ക് ആദ്യമായാണ് വാട്ടർ ബൗസർ ലഭിക്കുന്നത്. ആധുനിക സൗകര്യങ്ങളും വാഹനത്തിലുണ്ട്. ആദ്യ പരീക്ഷണം ഇന്നലെ ചുട്ടിപ്പാറയിലെ ഫയർഫോഴ്സ് യൂണിറ്റിൽ നടന്നു.
പരമാവധി 25 മീറ്റർ ദൂരത്തിൽ വെളളം പമ്പ് ചെയ്യാനുളള സംവിധാനമാണ് ഫയർഫോഴ്സിന്റെ വാഹനത്തിലുണ്ടായിരുന്നത്. പുതിയ വാഹനത്തിൽ 90 മീറ്റർ ദൂരത്തേക്കും ഉയരത്തിലേക്കും വെളളം പമ്പ് ചെയ്യാനാകും. നിലവിലുളള വാഹനങ്ങളിലേതിനേക്കാൾ മൂന്ന് മടങ്ങ് ജലസംഭരണ ശേഷയുളള ടാങ്കാണ് പുതിയ വാട്ടർ ബൗസറിലുളളത്. 11500 ലിറ്റർ വെളളം ടാങ്കിൽ ശേഖരിക്കാം. ഒരേ സമയം നാല് ഹോസുകൾ വഴി വെളളം പമ്പ് ചെയ്യാനും കഴിയും. മാത്രമല്ല, വെളളം പമ്പ് ചെയ്യുന്നതനുസരിച്ച് നാല് ഹോസുകൾ വഴി സംഭരിക്കാനും ശേഷിയുണ്ട്. ഒരു മിനിട്ടിൽ 4000 ലിറ്റർ വെളളം പമ്പ് ചെയ്യാൻ കഴിയും. വാഹനത്തിന് പുറത്ത് നിന്ന് റിമോട്ട് ഉപയോഗിച്ചും വട്ടർ ബൗസർ പ്രവർത്തിപ്പിക്കാം.
വാഹനത്തിന്റെ വശങ്ങളിലുളള ലോക്കറുകളിൽ വിവിധ ഹോസുകൾ, ബ്രാഞ്ചുകൾ, ഫയർ എക്സ്റ്റിംഗുഷറുകൾ, ഡോർ ബ്രേക്കർ, ഹൈഡ്രോളിക് ജാക്കി, ചെറുതും വലുതമായ വിവിധ രക്ഷാ ഉപകരണങ്ങൾ എന്നിവയും ഘടിപ്പിച്ചിട്ടുണ്ട്.
>>>
ഇന്ധനം കത്തിയാൽ അണയ്ക്കാൻ ഫോം ടാങ്ക്
ഇന്ധന ചോർച്ചയിൽ നിന്നുണ്ടാകുന്ന തീയണക്കുന്നതിന് ഫോം ടാങ്ക് ആധുനിക വാഹനത്തിലുണ്ട്. 700ലിറ്റർ വരെ രാസലായനി ഉൾക്കൊളളുന്നതാണ് ടാങ്ക്. ഇന്ധന ചോർച്ചയുണ്ടായാൽ ഒാക്സിജന്റെ സാന്നിദ്ധ്യം ഇല്ലാതാക്കുന്നതാണ് രാസലായനി. ഇത് വെള്ളവുമായി ചേർക്കുമ്പോഴുണ്ടാകുന്ന പതയാണ് പുറത്തേക്ക് പമ്പ് ചെയ്യുന്നത്.
>>>
വീണാ ജോർജ് ഫ്ളാഗ് ഒാഫ് ചെയ്തു
പുതിയതായി ലഭിച്ച വാട്ടർ ബൗസർ വീണാജോർജ് എം.എൽ.എ ഫ്ളാഗ് ഒാഫ് ചെയ്തു. ജില്ലാ ഫയർ ഒാഫീസർ എം.ജി.രാജേഷ്, സ്റ്റേഷൻ ഫയർ ഒാഫീസർ വി.വിനോദ് കുമാർ, നഗരസഭാ കൗൺസിലർ രജീന ഷെരീഫ്, മുൻ കൗൺസിലർ എം.സി. ഷെരീഫ്, സാബു കണ്ണങ്കര, വ്യാപാരി വ്യവസായി സമിതി ഏകോപന സമിതി ഭാരവാഹി പ്രസാദ് ജോൺ മാമ്പ്ര എന്നിവർ പങ്കെടുത്തു.
>
''വെള്ളപ്പൊക്കം പോലുള്ള അപകടങ്ങളിൽ നിന്ന് രക്ഷനേടാൻ പൊതുജനങ്ങൾക്ക് അഗ്നിരക്ഷാ വകുപ്പിന്റെ സഹായത്തോടെ നീന്തൽ പരിശീലനം നൽകുന്നതിനുള്ള പദ്ധതി പരിഗണനയിലാണ്.
വീണാജോർജ് എം.എൽ.എ.
>
'' അഗ്നിരക്ഷാ സേനയ്ക്കായി വാട്ടർ ബൗസറിന് പുറമേ സ്കൂബാ വാൻ, മൾട്ടി യൂട്ടിലിറ്റി വെഹിക്കിൾ, ഹൈഡ്രോളിക് ഉപകരണങ്ങൾ എന്നിവ ലഭ്യമാക്കുന്നതിൽ വീണാജോർജ് എം.എൽ.എ വലിയ പങ്ക് വഹിച്ചു. സേനയുടെ പ്രവർത്തനങ്ങൾക്കാവശ്യമായ ഒരു കുഴൽ കിണർ എം.എൽ.എ ഫണ്ടിൽ ഉൾപ്പെടുത്തി നിർമ്മിക്കണമെന്ന് അഭ്യർത്ഥിച്ചിട്ടുണ്ട്.
വി.വിനോദ് കുമാർ, സ്റ്റേഷൻ ഫയർ ഓഫീസർ.
90 മീറ്റർ ദൂരത്തേക്കും ഉയരത്തിലേക്കും വെളളം പമ്പുചെയ്യാം
11500 ലിറ്റർ വെള്ളം സംഭരിക്കാൻ ശേഷി
4000 ലിറ്റർ വെളളം ഒരു മിനിട്ടിൽ പമ്പ് ചെയ്യാൻ കഴിയും