കടപ്ര: പ്രളയത്തെ അതിജീവിക്കുന്നതിന് കടപ്രയിലെ സീറോ ലാൻഡ്‌ലെസ് കോളനിയിൽ 12 ലൈഫ് വീടുകൾ നിർമ്മിച്ചു. കഴിഞ്ഞ പ്രളയത്തിൽ മുങ്ങിപ്പോയ പ്രദേശമാണ് കടപ്ര. പമ്പാ നദിയുടെ തീരത്തെ ഈ ഗ്രാമത്തിലെ വീടുകളിൽ ചെറിയ വെള്ളപ്പൊക്കത്തിൽപ്പോലും വെള്ളം കയറുന്ന സാഹചര്യമാണുള്ളത്. ഇത് ഒഴിവാക്കുന്നതിന് എട്ട് അടി മുതൽ പത്തടിവരെ ഉയരമുള്ള തൂണുകളിലാണ് വീടുകൾ നിർമ്മിച്ചിരിക്കുന്നത്. ഹാളും രണ്ട് കിടപ്പുമുറിയും അടുക്കളയും ശുചിമുറിയും അടങ്ങുന്ന ഈ വീടുകൾ ഏഴ് ലക്ഷം രൂപ ചെലവിലാണ് നിർമ്മിച്ചിരിക്കുന്നത്. ലൈഫ് മിഷൻ നൽകുന്ന നാലു ലക്ഷംരൂപ കൂടാതെ ഫെഡറേഷൻ ഓഫ് അമേരിക്കൻ മലയാളി അസോസിയേഷൻസ് (ഫോമ) എന്ന സംഘടന നൽകുന്ന ഒന്നരലക്ഷം രൂപയും തണൽ എന്ന സന്നദ്ധ സംഘടന നൽകുന്ന ഒന്നരലക്ഷം രൂപയും വിനിയോഗിച്ചാണ് പ്രളയത്തെ അതിജീവിക്കുന്ന വീടുകൾ നിർമ്മിച്ചത്. തണലിന്റെ പ്രവർത്തകരാണ് ഭവനനിർമ്മാണത്തിന് മേൽനോട്ടം വഹിക്കുന്നത്.
> നിർമ്മിച്ചത് 12 വീടുകൾ.
> വെളളം കയറാതിരിക്കാൻ 10 അടി വരെ ഉയരത്തിൽ തൂണുകൾ
> ഒരു വീടിന്റെ ചെലവ് 7 ലക്ഷം
പ്രദേശത്ത് ഫോമയും തണലും ചേർന്ന് നിർമ്മിക്കുന്ന 20 വീടുകളും റീ ബിൽഡ് കേരളയിൽ ഉൾപ്പെടുത്തി മുത്തൂറ്റ് ഗ്രൂപ്പ് നിർമ്മിക്കുന്ന 15 വീടുകളും ചേർത്ത് ഭവന സമുച്ചയം വികസിപ്പിക്കാൻ ലൈഫ് മിഷൻ ഉദ്ദേശിക്കുന്നു.
സി.പി സുനിൽ
(ലൈഫ് മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ)