തിരുവല്ല: ഞാനും നീയും ഒന്നാണെന്ന മഹാസന്ദേശം അരുൾചെയ്ത് കവിയൂർ ദേശത്തെ ധന്യമാക്കിയ ശ്രീനാരായണ ഗുരുദേവന്റെ സന്ദർശനം ശതാബ്ദിയുടെ നിറവിൽ. കവിയൂർ കോട്ടൂരിലെ പോത്തിനിക്കൽ വീട്ടിൽ കൊച്ചീക്കാ ചാന്നാരുടെ അപേക്ഷപ്രകാരം 1094 ഇടവം 23 (1919 ജൂൺ 6) നാണ് വലിയൊരു വിഭാഗം ജനതയെ ആവേശത്തിലാക്കി ഗുരു കവിയൂരിന്റെ മണ്ണിലേക്ക് നടന്നുകയറിയത്. ചെങ്ങന്നൂരിൽ നിന്ന് വെള്ളപ്പൊക്ക കാലത്തായിരുന്നു മനയ്ക്കച്ചിറ വഴി കവിയൂരിൽ എത്തിയത്. ഗൃഹസ്ഥശിഷ്യനായ സരസകവി മൂലൂർ എസ്.പത്മനാഭപണിക്കരും മറ്റു സന്യാസി ശിഷ്യന്മാരും ഗുരുവിനൊപ്പം ഉണ്ടായിരുന്നു. കവിയൂരിൽ നിന്ന് ഗുരുദേവനെ സ്വീകരിച്ച് ആനയിക്കാനായി മെത്രാപ്പോലീത്തയുടെ വക ഒരു മേനാവ് (പല്ലക്ക്) സജ്ജമാക്കിയിരുന്നു. മെത്രാപ്പോലീത്തയുടെ മേനാവിൽ ചോവർക്ക് കേറാമോ ? എന്ന് ഗുരു ചോദിച്ചു. അതുകേട്ട് സ്വീകരിക്കാനെത്തിയ ക്രിസ്ത്യാനികൾ കേറാം എന്ന് മറുപടി പറഞ്ഞു. റോഡ് വിട്ട് രണ്ടുമൈൽ ദൂരെവരെ വണ്ടി പോകാത്ത ദുർഘട പാതയായിരുന്നതിനാലാണ് പല്ലക്ക് കൊണ്ടുവന്നത്. എന്നാൽ നിമ്നോന്നത മാർഗ്ഗങ്ങൾ നമുക്ക് പണ്ടേ സുഗമമാണ് എന്ന് പറഞ്ഞു ഗുരു ആ വഴിയേ നടക്കുകയാണ് ചെയ്തത്. നാലുമണിയോടെ കവിയൂർ ക്ഷേത്രത്തിന് വടക്കുഭാഗത്തുള്ള കൊച്ചീക്കാ ചാന്നാരുടെ വസതിയിലെത്തി അവിടെ താമസിച്ചു. പിറ്റേന്ന് പൂവത്തൂരുള്ള പിച്ചനാട്ട് കുറുപ്പന്മാർ നേതാവായ കൃഷ്ണൻ വൈദ്യനോടൊപ്പം ഗുരുവിനെ കാണാനെത്തി. അവഗണിക്കപ്പെട്ടിരുന്നതും എണ്ണത്തിൽ കുറവായിരുന്നതുമായ അവരുടെ സങ്കടങ്ങൾക്ക് ഗുരു നിവൃത്തിയുണ്ടാക്കി.

യോഗാനന്തരം മിശ്രഭോജനവും
അന്ന് ഗുരുദേവന്റെ നിർദ്ദേശപ്രകാരം നായർ, ക്രിസ്ത്യൻ, മറ്റു പിന്നാക്ക വിഭാഗങ്ങളിൽപ്പെട്ടവരുടെ ഒരു വലിയയോഗം വിളിച്ചുകൂട്ടി. യോഗാനന്തരം ആ വീട്ടിൽ മിശ്രഭോജനവും നടത്തുകയുണ്ടായി. ചാരുകസേരയിലിരുന്നു സദ്യയുടെ ചട്ടവട്ടങ്ങളും സഹഭോജന സമ്പ്രദായങ്ങളും സശ്രദ്ധം ഗുരു വീക്ഷിച്ചു. ഇന്നൊരു സുദിനം തന്നെയെന്നും സമുദായ ചരിത്രത്തിൽ ഇതൊരു പ്രധാനഘട്ടമെന്നും ഗുരുദേവൻ പറഞ്ഞു. ഇത് ശീലമാക്കണമെന്നും ഇതെല്ലാം രേഖകളാക്കി ആലുവയിലെ അദ്വൈതാശ്രമത്തിൽ സൂക്ഷിക്കണമെന്നും ഗുരു അരുളിചെയ്തു. അതുപ്രകാരം ഈ നിമിഷങ്ങളെ പിന്നീട് മൂലൂർ എസ്.പത്മനാഭ പണിക്കർ, മൂർക്കോത്ത് കുമാരൻ, പ്രൊഫ.എം.കെ.സാനു എന്നിവർ എഴുതിയിട്ടുള്ള ചരിത്രഗ്രന്ഥങ്ങളിലെല്ലാം വിവരിച്ചിട്ടുണ്ട്.

സ്മരണയ്ക്കായി മെതിയടികൾ
കവിയൂരിലെ മൂന്നുദിവസത്തെ സന്ദർശനം പൂർത്തിയാക്കി മടങ്ങാൻനേരം ഗുരുദേവൻ ധരിച്ചിരുന്ന മെതിയടികൾ പ്രാർത്ഥനാപൂർവ്വം ഗൃഹനാഥൻ ആവശ്യപ്പെടുകയുണ്ടായി. സന്തോഷപൂർവ്വം ഗുരുദേവൻ അന്ന് നൽകിയ ആ മെതിയടികളാണ് വെള്ളികെട്ടി ഇപ്പോൾ ആഞ്ഞിലിത്താനം ഗുരുദേവ പാദുക പ്രതിഷ്ഠാ ക്ഷേത്രത്തിൽ പ്രതിഷ്ഠിച്ചു ആരാധിക്കുന്നത്. സന്ദർശന വേളയിൽ ഗുരുദേവൻ സ്നാനം ചെയ്ത കുളവും കോട്ടൂരിൽ സംരക്ഷിക്കുന്നുണ്ട്.