തിരുവല്ല: എം.സി റോഡിന് സമീപത്തായി എസ്.ബി.ഐ. തിരുമൂലപുരം ശാഖയോടു ചേർന്നുള്ള എ.ടി.എം. കൗണ്ടർ തകർത്ത് മോഷണം നടത്താനുള്ള ശ്രമം പാളി. ഇന്നലെ പുലർച്ചെ 3.20നാണ് സംഭവം. എ.ടി.എമ്മിന്റെ ഇലക്ട്രിക് കേബിളുകൾ വലിച്ചിളക്കി കാമറ ബന്ധം വേർപെടുത്തി. ഈ സമയം റോഡിൽ വാഹനങ്ങൾ കൂടിയതിനാൽ കവർച്ചാശ്രമം ഉപേക്ഷിച്ചതായി സംശയിക്കുന്നു.അന്യസംസ്ഥാന തൊഴിലാളികൾ എന്നു സംശയിക്കുന്ന മൂവർ സംഘമാണ് മോഷണത്തിന് ശ്രമിച്ചതെന്ന് സി.സി.ടി.വി.കാമറയിൽ നിന്നും വ്യക്തമായി. ഹെൽമെറ്റും തുണിയും കൊണ്ട് മുഖം മറച്ച നിലയിലായിരുന്നു മോഷ്ടാക്കൾ. സംഘത്തിന് കൗണ്ടറിന്റെ മോണിറ്റർ അടങ്ങിയ മുൻഭാഗം മാത്രമേ തുറക്കുവാൻ കഴിഞ്ഞുള്ളു. പണം സൂക്ഷിച്ചിട്ടുള്ള അറ തുറക്കാൻ സാധിച്ചില്ല. വിരലടയാള വിദഗ്ദ്ധർ സ്ഥലത്തെത്തി പരിശോധന നടത്തി. തിരുവല്ല ഡിവൈ.എസ.പി ഉമേഷ്‌കുമാർ, സർക്കിൾ ഇൻസ്പക്ടർ സന്തോഷ് കുമാർ എന്നിവരുടെ നേതൃത്വത്തിൽ അന്വേഷണം തുടങ്ങി.