mulakkuzha-manneduppu
മുളക്കുഴ വലിയപറമ്പ് പ്രദേശത്തുനിന്നും അനധികൃതമായി മണ്ണെടുത്ത നിലയിൽ

ചെങ്ങന്നൂർ: മുളക്കുഴ പഞ്ചായത്തിൽ രാത്രിയുടെ മറവിൽ വീണ്ടും മണ്ണെടുപ്പ്. കുടിവെളള ക്ഷാമം രൂക്ഷമായ മുളക്കുഴ വലിയപറമ്പ്-പൂപ്പൻകര പ്രദേശത്തുനിന്നാണ് കുന്നിടിച്ച് വ്യാപകമായി മണ്ണെടുത്തത്. ഇന്നലെ പുലർച്ചെ 3ന് ആരംഭിച്ച മണ്ണെടുപ്പ് നാട്ടുകാർ തടഞ്ഞു. തുടർന്ന് പൊലീസെത്തി വാഹനങ്ങൾ കസ്റ്റഡിയിലെടുത്തു. ഏക്കറുകണക്കിന് ഭൂമിയാണ് ബിനാമി പേരുകളിൽ മുളക്കുഴയുടെ വിവിധ ഭാഗങ്ങളിൽ മണ്ണ് മാഫിയാ സംഘം വാങ്ങിയിരിക്കുന്നത്. മുമ്പ് ഈ പ്രദേശത്ത്നിന്നും മണ്ണെടുപ്പ് നടത്തിയിരുന്നത് നാട്ടുകാർ ഇടപെട്ടാണ് നിർത്തിവെപ്പിച്ചത്. തുടർന്ന് നാട്ടുകാരും രാഷ്ട്രീയ പാർട്ടി പ്രതിനിധികളും ചേർന്ന് സംയുക്ത സമരസമിതി രൂപീകരിക്കുകയും പ്രതിഷേധം ഉയർത്തുകയും ചെയ്തിരുന്നു.

മണ്ണെടുപ്പിനെ ചൊല്ലി ഭരണകക്ഷിയിൽ തർക്കം

മുളക്കുഴ പിരളശേരി ഭാഗത്തുനിന്നും വൻതോതിൽ മണ്ണെടുത്ത് കടത്തിയതിരെ ഒരുമാസം മുൻപ് സി.പി.ഐ രംഗത്ത് വന്നിരുന്നു. തുടർന്ന് ഇവരുടെ യുവജന സംഘടനയായ എ.ഐ.വൈ.എഫ് നിയോജകമണ്ഡലത്തിലാകമാനം മണ്ണ് മാഫിയാകൾക്കെതിരെ പ്രതിഷേധ ജാഥ സംഘടിപ്പിക്കുകയും ലഘുലേഖകൾ വിതരണം ചെയ്യുകയും ചെയ്തു. മാത്രമല്ല എം.എൽ.എയുടെ പിന്തുണയോടെയാണ് മണ്ണെടുപ്പ് നടക്കുന്നതെന്ന ആരോപണവും ഇവർ ഉന്നയിച്ചു. ഇതോടെ സി.പി.എം നേതാവും ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ ജി.വിവേക് സി.പി.ഐ ലോക്കൽ കമ്മിറ്റി സെക്രട്ടറിയെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയെന്ന ആക്ഷേപം ഉയർന്നു. മാത്രമല്ല സെക്രട്ടറിയുടെ വീട് ഒരു സംഘം തല്ലിതകർക്കുകയും ചെയ്തു. ഭരണകക്ഷിയിലെ തന്നെ ഘടക കക്ഷഇയായ സി.പി.ഐയും സി.പി.എമ്മും തമ്മിൽ കടുത്ത ഭിന്നത ഉടലെടുക്കുകയും ഇരുപക്ഷവും പരസ്പരം കേസുകൾ നൽകുകയും പരസ്യമായി കൊമ്പുകോർക്കുകയും ചെയ്തു. ഇതോടെ പ്രദേശത്തെ മണ്ണെടുപ്പ് നിർത്തി വെക്കുകയായിരുന്നു.

ലൈഫ് പദ്ധതിയിൽ ഉൾപ്പെട്ടവർക്ക് വീടുവെക്കുന്നതിന് മണ്ണെടുക്കാനുളള അനുമതിയുണ്ട്. മറ്റാർക്കും തന്നെ മണ്ണെടുക്കുന്നതിനുളള അനുവാദം നൽയിട്ടില്ല. നിലവിൽ മണ്ണെടുപ്പ് നടക്കുന്നുണ്ടെങ്കിൽ അത് അനധികൃത മണ്ണെടുപ്പാണ്.

രശ്മി രവീന്ദ്രൻ

(പഞ്ചായത്ത് പ്രസിഡന്റ്)