പത്തനംതിട്ട : ലൈഫ് മിഷൻ ജില്ലയിൽ രണ്ടുഘട്ടങ്ങളിലായി 2327 വീടുകളുടെ നിർമാണം പൂർത്തിയാക്കി. ആദ്യഘട്ടത്തിൽ 1159 ഉം രണ്ടാംഘട്ടത്തിൽ 1168 ഉം വീടുകളുടെ നിർമാണമാണ് പൂർത്തിയാക്കിയത്. ഒന്നാം ഘട്ടത്തിന്റെ പൂർത്തീകരണ പ്രഖ്യാപനം ഉടൻ നടത്തും.

എല്ലാവർക്കും സുരക്ഷിത ഭവനം എന്ന ലക്ഷ്യം മുൻനിറുത്തി സംസ്ഥാന സർക്കാർ ആരംഭിച്ച പദ്ധതിയാണ് ലൈഫ്.

ഒന്നാം ഘട്ടം
ഒൻപതാം പദ്ധതി കാലയളവു മുതൽ വിവിധ ഭവന നിർമാണ പദ്ധതികളിൽ അനുവദിക്കപ്പെട്ടതിൽ മുടങ്ങിക്കിടന്ന വീടുകളുടെ പൂർത്തീകരണമാണ് ഒന്നാംഘട്ടത്തിൽ ഉൾപ്പെടുത്തിയത്. ജില്ലയിൽ 1180 വീടുകളാണ് ഇത്തരത്തിലുള്ളത്. അതിൽ 1159 വീടുകൾ പൂർത്തിയാക്കി. അവശേഷിക്കുന്നവ പൂർത്തിയാക്കി 31ന് ശേഷം ഒന്നാം ഘട്ട പൂർത്തീകരണ പ്രഖ്യാപനം നടത്തും.

രണ്ടാം ഘട്ടം
രണ്ടാം ഘട്ടത്തിൽ 14 പഞ്ചായത്തുകളിൽ ഭവന നിർമാണം പൂർത്തിയായി. ഭൂമിയുള്ള ഭവനരഹിതർക്കുള്ള വീട് നിർമാണമാണ് രണ്ടാം ഘട്ടത്തിലുള്ളത്. ജില്ലയിൽ 1996 പേരെയാണ് അർഹരായി കണ്ടെത്തിയിട്ടുള്ളത്. ഇവരിൽ 1793 പേർ തദ്ദേശ സ്ഥാപനങ്ങളുമായി കരാർ വച്ച് നിർമാണം ആരംഭിച്ചു.
1168 പേരുടെ ഭവന നിർമാണം പൂർത്തിയാക്കി. 246 വീടുകളുടെ നിർമാണം അവസാന ഘട്ടത്തിലാണ്. കരാർവച്ചവരുടെ ഭവന നിർമാണം സെപ്തംബർ 30 ന് മുമ്പ് പൂർത്തിയാക്കും.

 മൂന്നാംഘട്ടം
ഭൂരഹിതരായവർക്ക് വേണ്ടിയുള്ള ഭവന നിർമാണമാണ് മൂന്നാംഘട്ടമായി ഏറ്റെടുത്തിട്ടുള്ളത്. മൂന്ന് പാർപ്പിട സമുച്ചയങ്ങളുടെ നിർമാണം ഈ വർഷം നടത്തും.തദ്ദേശ സ്ഥാപനങ്ങൾ ലഭ്യമാക്കുന്നതും സർക്കാർ വകുപ്പുകളുടെ പക്കലുള്ളതുമായ ഭൂമിയിൽ ഫ്ലാറ്റുകളും വീടുകളും നിർമ്മിക്കുകയാണ് ലക്ഷ്യം.

പന്തളത്ത് ഫ്ളാറ്റ് സമുച്ചയത്തിന് 5.91കോടി

ജില്ലയിൽ പന്തളം മുനിസിപ്പാലിറ്റിക്ക് മുടിയൂർക്കോണം മന്നത്തുകോളനിക്കു സമീപം 72 സെന്റും ഏഴംകുളം ഗ്രാമപഞ്ചായത്തിന് ഏനാത്തിന് സമീപം 93 സെന്റും റവന്യൂ വകുപ്പിന് മെഴുവേലിയിൽ മൂന്ന് ഏക്കർ സ്ഥലവുമുണ്ട്. ഇതിൽ പന്തളത്ത് ഫ്ളാറ്റുകൾ നിർമിക്കുന്നതിന് 5,91,19,816 രൂപയ്ക്ക് ഭരണാനുമതി ലഭിച്ചിട്ടുണ്ട്. ടെൻഡർ നടപടികൾ ഉടൻ ആരംഭിക്കും.

ഏനാത്തിന് സമീപം കെയർഹോം പദ്ധതിയിൽ ഉൾപ്പെടുത്തി ഫ്‌ളാറ്റുകളുടെ നിർമാണം തുടങ്ങും.
കോഴഞ്ചേരി മാരാമൺ പീടികയിൽ പടിഞ്ഞാറേതിൽ തോമസ് ജേക്കബ് ഭാര്യ മേരി തോമസ് എന്നിവർ റവന്യൂ വകുപ്പിന് വിട്ടു നൽകിയ മൂന്നര ഏക്കർ സ്ഥലത്ത് റീബിൽഡ് കേരള വീട് നിർമിക്കുന്നതൊഴികെയുള്ള മൂന്ന് ഏക്കർ സ്ഥലത്ത് ലൈഫ് മിഷൻ ഫ്‌ളാറ്റുകൾ നിർമ്മിക്കും.


ഭൂരഹിതർക്ക് മൂന്ന് സെന്റ് സ്ഥലം വാങ്ങുന്നതിന് രണ്ടു ലക്ഷം രൂപ ലഭിക്കും. ഇതിനായി ജില്ലാ, ബ്ലോക്ക് പഞ്ചായത്തുകൾ നീക്കി വച്ചിട്ടുള്ള 20 ശതമാനം തുക ഗ്രാമപഞ്ചായത്തുകൾക്ക് കൈമാറും.

ജില്ലയിലെ ഗ്രാമപഞ്ചായത്തുകളിലും നഗരസഭകളിലുമായി ഗ്രാമസഭ/ വാർഡ്‌ സഭ അംഗീകരിച്ച പ്രാഥമിക ലിസ്റ്റ് പ്രകാരം 7616 ഭൂരഹിത ഭവനരഹിതരാണുള്ളത്. അർഹതാ പരിശോധന നടത്തി കണ്ടെത്തുന്ന മുഴുവൻ ഭൂരഹിത ഭവനരഹിതർക്കും 2021 ആവുമ്പോഴേക്കും സുരക്ഷിത പാർപ്പിടം ലഭിക്കും. "

സി. പി. സുനിൽ

ലൈഫ് മിഷൻ ജില്ലാ കോ - ഓർഡിനേറ്റർ