പന്തളം : മലപോലെ മാലിന്യം ദുർഗന്ധം കാരണം പന്തളത്തുകാർ മൂക്കുപൊത്തേണ്ട സ്ഥിതിയാണ്. പന്തളം നഗരസഭാ പ്രദേശത്തെ വിവിധയിടങ്ങളിൽ നിന്നും ശേഖരിക്കുന്ന മാലിന്യങ്ങൾ സംസ്കരിക്കുന്നതിന് പണിത ഖരമാലിന്യ സംസ്കരണ പ്ലാന്റിലേക്ക് കൊണ്ടുവരുന്ന മാലിന്യങ്ങളാണ് കൂട്ടിയിട്ടിരിക്കുന്നത്. ഇത് അഴുകിയാണ് ദുർഗന്ധം വമിക്കുന്നത്. ഹോട്ടലുകൾ, കോഴിക്കടകൾ, പഴം പച്ചക്കറി സ്റ്റാളുകൾ, വിവിധ വ്യാപാരസ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ നിന്നുമുള്ളവയാണ് അഴുകി നാറുന്നത്. പന്തളം ജംഗ്ഷന് സമീപമുള്ള കുറുന്തോട്ടയം ചന്തയുടെ കിഴക്കുഭാഗത്തായാണ് മാലിന്യ സംസ്കരണ പ്ലാന്റ് സ്ഥാപിച്ചിട്ടുള്ളത്. പ്ലാന്റിന് പുറത്ത് മുട്ടാർ നിർച്ചാലിന് സമീപത്താണ് മാലിന്യം ഇപ്പോൾ കൊണ്ടിടുന്നത്. മാലിന്യ സംസ്കരണപ്ലാന്റ് ജനനിബിഡമായ പന്തളം ജംഗ്ഷന് സമീപം സ്ഥാപിക്കുന്നതിന് പരിസ്ഥിപ്രവർത്തകരുടെയും മറ്റും എതിർപ്പുണ്ടായിരുന്നു. എന്നാൽ ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാകില്ലെന്ന് ഉറപ്പ് നൽകിയാണ് പഞ്ചായത്ത് പ്ലാന്റ് ഇവിടെ സ്ഥാപിച്ചത്. കഴിഞ്ഞ പ്രളയത്തിന് ശേഷം പ്രവർത്തനം പൂർണമായും നിലച്ചതോടെ മാലിന്യങ്ങൾ ചാലിനോട് ചേർന്നസ്ഥലത്ത് കുന്നുപോലെ കൂടുകയാണ്. ഹോട്ടലുകളിലെയും കോഴിക്കടകളിൽ നിന്നുമുള്ള അവശിഷ്ടങ്ങൾ മത്സ്യകർഷകനായ കണ്ണൻ കടകളിൽ നിന്ന് തന്നെ ശേഖരിച്ചുകൊണ്ടുപോകുമായിരുന്നു. എന്നാൽ ചില രാഷ്ട്രീയ കക്ഷിനേതാക്കളുമായുള്ള അഭിപ്രായവ്യത്യാസത്തെതുടർന്ന് മത്സ്യകർഷകൻ കടകളിൽ നിന്നും മാലിന്യം കൊണ്ടുപോകുന്നത് നിറുത്തിയതോടെ നഗരസഭ തന്നെ എടുക്കേണ്ടിവന്നു. ഹോട്ടൽ മാലിന്യമാണ് കൂടുതൽ ദുർഗന്ധത്തിന് കാരണം.
രാത്രികാലങ്ങളിൽ മാലിന്യം തള്ളുന്നു
ചുറ്റുമതിലും ഗേറ്റുമില്ലാത്തതിനാൽ സമീപ സ്ഥലങ്ങളിൽ നിന്നും രാത്രികാലങ്ങളിൽ മത്സ്യത്തിന്റെയും ഇറച്ചികടകളിൽ നിന്നും കന്നുകാലികളുടെയും, കോഴികടകളിലെ അവശിഷ്ടങ്ങളും വാഹനത്തിൽ കൊണ്ടുവന്ന് ഇവിടെ തള്ളുന്നുണ്ട്. പന്തളം നഗരസഭാ, ഗ്രാമന്യായാലയം, ട്രഷറി, കെ.എസ്.ആർ.ടി.സി, സ്വകാര്യ ബസ് സ്റ്റാന്റാഡ്, കെ.എസ്.ഇ.ബി ഓഫീസ്, വിവിധ ധനകാര്യ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ ജീവനക്കാരും ഇവിടെ എത്തുന്ന ജനങ്ങളും വ്യാപാരികളുമുൾപ്പെടെ ദുർഗന്ധം സഹിക്കുകയാണ്. ഈ ഭാഗങ്ങളിലെ ഹോട്ടലുകളിലും ചായകടകളിലും ഭക്ഷണം കഴിക്കുന്നതിനും ആളുകൾക്ക് മടിയാണ്.
തുമ്പൂർമൂഴി മോഡൽ പ്ലാന്റ് പന്തളം നഗരസഭയിലെ മൂന്നു പ്രദേശങ്ങളിലായി സ്ഥാപിക്കും. ഇതിനുവേണ്ട തുക പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മാലിന്യങ്ങൾ സംസ്കരിച്ച് ജൈവവളമാക്കി കർഷകർക്ക് നൽകുന്നതിനുള്ള നടപടികൾ സ്വീകരിക്കും.
ടി.കെ.സതി
(പന്തളം നഗരസഭ ചെയർപേഴ്സൺ)
-തുമ്പൂർമൂഴി മോഡൽ പ്ലാന്റ് 3 എണ്ണം സ്ഥാപിക്കും
-ചെലവ് 6 ലക്ഷം രൂപ