തിരുവല്ല: മാർത്തോമ്മ കോളേജിലെ അവസാന പ്രീഡിഗ്രി ബാച്ചിലെ (1999-2001) വിദ്യാർഥികൾ ക്യാമ്പസിലെത്തി സൗഹൃദം പങ്കിട്ടു. സയൻസ്, കോമേഴ്‌സ്, ഹ്യുമാനിറ്റീസ് അടക്കം എല്ലാ ഗ്രൂപ്പുകളിലെയും പൂർവ വിദ്യാർഥികളാണ് 20വർഷത്തിന് ശേഷം വീണ്ടും ഓർമ്മകളുമായി കണ്ടുമുട്ടിയത്. പ്രിൻസിപ്പലും അദ്ധ്യാപകരും വിദ്യാർഥികൾക്കൊപ്പം പുനസംഗമത്തിനെത്തി. 200ഓളം വിദ്യാർഥികൾ ഒന്നിച്ച് കൂടിയപ്പോൾ പലരും കുട്ടികളെ ഒക്കത്തിരുത്തി കുടുംബവുമായാണ് എത്തിയത്. നാട്ടിലുള്ളവരും വിദേശരാജ്യങ്ങളിൽ നിന്നും ചെന്നൈ, ബെംഗ്ളൂരു എന്നിവിടങ്ങളിൽ നിന്നും സൗഹൃദം പങ്കിടാനായെത്തി. മൺമറഞ്ഞ അദ്ധ്യാപകരെയും അകാലത്തിൽ പൊലിഞ്ഞ സഹപാഠികളെയും അനുസ്മരിച്ചായിരുന്നു തുടക്കം. അന്നത്തെ പ്രിൻസിപ്പൽ ജേക്കബ് കുര്യൻ സംഗമം ഉദ്ഘാടനം ചെയ്തു. നിലവിലെ പ്രിൻസിപ്പൽ ഐസി.കെ.ജോൺ അദ്ധ്യക്ഷത വഹിച്ചു. പാട്ട്, മാജിക് ഷോ, അനുഭവങ്ങൾ പങ്കുവയ്ക്കൽ, ഗുരുവന്ദനം പരിപാടികൾ സംഘടിപ്പിച്ചു. അദ്ധ്യാപികയായ ഇന്ദിരാദേവി സ്വന്തം കവിത ആലപിച്ചു. പങ്കെടുത്ത എല്ലാവർക്കും മെമന്റോ സമ്മാനിച്ചു.
ക്യാമ്പസിലെ മരച്ചുവട്ടിൽ സൗഹൃദം
പ്രീഡിഗ്രി സഹപാഠികളെ തന്നെ വിവാഹം കഴിഞ്ഞ നാല് ദമ്പതികളെ 'റാഗ്' ചെയ്യാനും മറന്നില്ല. കോളേജ് സെമിനാർ ഹാളിൽനടന്ന യോഗശേഷം ക്യാമ്പസിലെ മരച്ചുവട്ടിൽ അദ്ധ്യാപകരും വിദ്യാർഥികളും ഒരുമിച്ച് വിശേഷങ്ങൾ പങ്കുവച്ചു. ആർപ്പുവിളിച്ചു, സെൽഫിയെടുത്തു. ഉച്ചഭക്ഷണശേഷം പഴയ ക്ലാസുകളിലേക്ക് പോയി. ഹോസ്റ്റലിൽ താമസിച്ചിരുന്നവർ അവിടെയും സന്ദർശിശേഷമാണ് മടങ്ങിയത്. ഒരോക്ലാസ് തിരിച്ച് വാട്‌സാപ്പ് ഗ്രൂപ്പുണ്ടാക്കിയാണ് പലയിടങ്ങളിലായി പരസ്പരം ബന്ധമറ്റ് കിടന്ന സുഹൃത്തുകൾ ഒരുമിച്ചത്. പഴയ സഹപാഠികളിൽ മിക്കവരെയും കണ്ടെത്തി ഫോൺ നമ്പറുകൾ കൈമാറി. പൂർവ വിദ്യാർത്ഥി സംഘടന സെക്രട്ടറി സാജൻ വർഗീസും ഒരുക്കങ്ങൾക്ക് ആദ്യാവസാന ഒപ്പമുണ്ടായിരുന്നു. ലിജു ജേക്കബ് ജോർജ്, ആർ.രാഹുൽ എന്നിവർ കോഓർഡിനേറ്റർമാരായി പ്രവർത്തിച്ചു. ഉദ്ഘാടന സമ്മേളനത്തിൽ മുൻ പ്രിൻസിപ്പൽമാരായ പ്രൊഫ.എൻ.എം.മാത്യു, ഡോ.കെ.ടി.ഫിലിപ്പ്, പ്രൊഫ.കുര്യൻ ജോൺ, ഡോ.അലക്‌സ് മാത്യു, ഡോ.കെ.ജേക്കബ്, വിദ്യാർഥി പ്രതിനിധികളായ അനൂപ് ജേക്കബ്, അനീഷ് ജോൺ, പ്രശാന്ത് സുദർശന കുമാർ എന്നിവർ പ്രസംഗിച്ചു.
-1999-2001 ബാച്ചിലെ വിദ്യാർഥികൾ
-200 വിദ്യാർത്ഥികൾ
സുഹൃത്തുകൾ ഒരുമിപ്പിക്കാൻ കഴിഞ്ഞത് സൗഹൃദങ്ങളുടെ ആഴം കൂട്ടാൻ സാധിച്ചു. വരും തലമുറയ്ക്കും ഇത് പ്രചോദനമാകും.
പ്രൊഫ.എൻ.എം.മാത്യു
(മുൻ പ്രിൻസിപ്പൽ)