nss
എൻ.എസ്.എസ് അടൂർ താലൂക്ക് യൂണിയന്റെ വാർഷിക പൊതുയോഗത്തിൽ യൂണിയൻ പ്രസിഡന്റ് കലഞ്ഞൂർ മധു അദ്ധ്യക്ഷപ്രസംഗം നടത്തുന്നു

അടൂർ: ഷോപ്പിംഗ് കോംപ്ളക്സ് നിർമ്മാണം, പെൻഷൻ പദ്ധതി, ജൈവ പച്ചക്കറി കൃഷി പ്രോത്സാഹനം എന്നിവയ്ക്ക് മുൻതൂക്കം നൽകുന്ന എൻ.എസ്.എസ് താലൂക്ക് യൂണിയന്റെ 2019- 20 വർഷത്തെ ബജറ്റ് അംഗീകരിച്ചു. ശനിയാഴ്ച നടന്ന വാർഷിക പൊതുയോഗത്തിൽ യൂണിയൻ പ്രസിഡന്റ് കലഞ്ഞൂർ മധു അദ്ധ്യക്ഷത വഹിച്ചു. നായർ സർവീസ് സൊസൈറ്റി ആരംഭിച്ച പത്മാ കഫേയുടെ പൈലറ്റ് പ്രോജക്ട് ആരംഭിക്കുന്നതിനും, അത് വിജയത്തിലെത്തിക്കുകയും വഴി നല്ല ഭക്ഷണ സംസ്ക്കാരം രൂപപ്പെടുത്താൻ നമുക്ക് കഴിഞ്ഞൂ എന്നും സംസ്ഥാന ഗവർണർ വരെ പത്മാകഫേയുടെ രുചി അനുഭവിച്ചറിയാൻ കഴിഞ്ഞത് അഭിമാനമാണെന്നും കലഞ്ഞൂർ മധു തന്റെ അദ്ധ്യക്ഷപ്രസംഗത്തിൽ ചൂണ്ടിക്കാട്ടി. 2,17, 27,582 രൂപ വരവും 2,17, 24,577 രൂപ ചെലവും പ്രതീക്ഷിക്കുന്ന ബജറ്റ് സെക്രട്ടറി കെ.ജി ജീവകുമാർ അവതരിപ്പിച്ചു. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന സമുദായാംഗങ്ങളിലെ പഠനത്തിൽ സമർത്ഥരായവരെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ രൂപം നൽകിയ വിദ്യാഭ്യാസ സ്പോൺസർ പദ്ധതി പ്രകാരം എട്ടാം ക്ളാസ് മുതൽ തുടർന്നുള്ള വിദ്യാഭ്യാസത്തിനായി വിദ്യാഭ്യാസ നിധിയും ആചാര്യ പെൻഷൻ പദ്ധതിയുടെ ഭാഗമായി കരയോഗങ്ങളിൽ ദീർഘകാലം പ്രവർത്തിച്ച 70 കഴിഞ്ഞ നിർദ്ദനരും നിര ലംഭരുമായവർക്ക് പെൻഷൻ നൽകുന്നതിനായി 1.40 ലക്ഷം രൂപയും ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്. യോഗത്തിൽ യൂണിയൻ ഭരണ സമിതി അംഗങ്ങളായ ജയചന്ദ്രൻ ഉണ്ണിത്താൻ, മാനപ്പള്ളിൽ ബി.മോഹൻകുമാർ, സി.ആർ.ദേവലാൽ, കെ.ശിവൻകുട്ടി പിള്ള, എസ്. മുരുകേശ്, പി.എൻ. തങ്കമ്മ, ഡി.സരസ്വതിയമ്മ, പ്രൊഫ.ജയകുമാരി, പ്രതിനിധി സഭാംഗങ്ങളായ ജി. വിജയകുമാരൻ നായർ, എ.എം.അനിൽകുമാർ, എൻ.എസ്.എസ് ഇൻസ്പെക്ടർ ജി.അജിത് കുമാർ എന്നിവർ പ്രസംഗിച്ചു. യൂണിയൻ വൈസ് പ്രസിഡന്റ് എൻ.രവീന്ദ്രൻ നായർ സ്വാഗതവും സെക്രട്ടറി കെ.ജി. ജീവകുമാർ നന്ദിയും പറഞ്ഞു.