പത്തനംതിട്ട : നഗരമദ്ധ്യത്തിലെ ജൂവലറിയിൽ ജീവനക്കാരനെ കെട്ടിയിട്ട് നാലര കിലോ സ്വർണവും 13 ലക്ഷം രൂപയും നാലംഗ സംഘം കവർന്നു. ഇന്നലെ വൈകിട്ട് 4.30ന് പത്തനംതിട്ട മുത്താരമ്മൻ കോവിലിന് സമീപമുള്ള കൃഷ്ണ ജൂവലറിയിലാണ് കവർച്ച നടന്നത്.
ജൂവലറിയിലെ ജീവനക്കാരൻ അക്ഷയ് പട്ടേലിന്റെ ഒത്താശയോടെ എത്തിയ യുവാക്കളാണ് കവർച്ച നടത്തിയത്. അക്ഷയ് പട്ടേലും മറ്റൊരു ജീവനക്കാരനായ പത്തനംതിട്ട സ്വദേശി സന്തോഷും മാത്രമേ ജൂവല്ലറിയിൽ ഉണ്ടായിരുന്നുള്ളൂ. സന്തോഷിനെ മർദ്ദിച്ച അവശനാക്കിയ ശേഷം കെട്ടിയിടുകയായിരുന്നു. മൂക്കിന് സാരമായി പരിക്കേറ്റു.
അവധി ദിനമായിട്ടും ഒരു ഇടപാടുകാരനു വേണ്ടി ജൂവല്ലറി വൈകിട്ട് തുറക്കുകയായിരുന്നു. ജൂവല്ലറിയിൽ എത്തിയ നാലംഗസംഘം സന്തോഷിനെ അടിച്ചു വീഴ്ത്തി വായിൽ തുണി തിരുകി കെട്ടിടത്തിന്റെ ഉൾഭാഗത്ത് കൊണ്ടിട്ടു മർദ്ദിച്ചു. അക്ഷയ് പട്ടേലും ഇവർക്കൊപ്പം കൂടി. സന്തോഷിനെ മർദ്ദിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ സ്വർണം വാങ്ങാനായി ഇടപാടുകാരൻ എത്തി. എന്നാൽ അക്ഷയ് പട്ടേൽ ഒന്നും സംഭവിക്കാത്ത രീതിയിൽ പെരുമാറുകയും ആവശ്യപ്പെട്ട സ്വർണം നൽകുകയും ചെയ്തു. മോഷണത്തിന് ശേഷം പുറത്തിറങ്ങിയ സംഘം ആട്ടോറിക്ഷയിൽ കയറി കടന്നുകളഞ്ഞു. ആട്ടോക്കാരൻ യുവാക്കളെ റിംഗ് റോഡിൽ ഇറക്കുകയും അവിടെ നിന്ന് സ്കോർപ്പിയോയിൽ കടന്നുകളയുകയുമായിരുന്നു. അക്ഷയ് പട്ടേലും ഇവർക്കൊപ്പം കടന്നു.
ഇവർ 300 രൂപയാണ് ആട്ടോറിക്ഷാ ചാർജ് നൽകിയത്. ഭാഷ അറിയാത്തതിനാൽ 3 എന്ന് കൈകൊണ്ട് ആംഗ്യം കാണിച്ചപ്പോൾ 30 രൂപയ്ക്ക് പകരമാണ് 300 രൂപ നൽകിയത്.
മഹാരാഷ്ട്രാ സ്വദേശിയായ സുരേഷ് ഭട്ട് ആണ് ജൂവലറി ഉടമ. വർഷങ്ങളായി പത്തനംതിട്ടയിൽ വ്യാപാരം നടത്തുന്നയാളാണ് സുരേഷ് ഭട്ട്. പന്ത്രണ്ട് ദിവസം മുൻപ് മഹാരാഷ്ട്രയിൽ നിന്ന്
എത്തിയതാണ് അക്ഷയ് പട്ടേൽ. ഇയാളാണ് 13 ലക്ഷം രൂപ കവർന്നതെന്ന് ജീവനക്കാരൻ സന്തോഷ് പറഞ്ഞു. ജൂവലറിയിലെ സി.സി.ടി.വി ദൃശ്യം അടങ്ങിയ ഡിസ്കും കൊണ്ടാണ് മോഷ്ടാക്കൾ കടന്നത്.
പൊലീസ് എത്തി പരിശോധനകൾ നടത്തി. ജില്ലാ അതിർത്തികളിൽ വാഹന പരിശോധനയ്ക്ക് പൊലീസ് നിർദേശം നൽകിയിട്ടുണ്ട്. സ്പെഷ്യൽ ബ്രാഞ്ച് ഡിവൈ.എസ്.പി ആർ.ജോസ് സ്ഥലത്തെത്തി പരിശോധന നടത്തി.