ബഹുനില കെട്ടിടം പില്ലർ കമ്പികളിൽ ഒതുങ്ങി
ഇളമണ്ണൂർ: ഏനാദിമംഗലം ഗ്രാമപഞ്ചായത്തിലെ ഏക സർക്കാർ ഹയർ സെക്കൻഡറി സ്കൂളായ മാരൂർ ഗവ.സ്കൂളിലെ ബഹുനില മന്ദിരത്തിന്റെ നിർമ്മാണം അനിശ്ചിതത്വത്തിലായി. 2017ൽ സംസ്ഥാന സർക്കാരിന്റെ വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സർക്കാർ സ്കൂളുകളെ ഹൈടക് നിലവാരത്തിലേക്ക് ഉയർത്തുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന ബഡ്ജറ്റിൽ നിന്ന് 3 കോടി രൂപ ഹയർ സെക്കൻഡറി വിഭാഗത്തിന് ബഹുനില മന്ദിരത്തിന്റെ നിർമ്മാണത്തിനും എൽ.പി , യു.പി വിഭാഗം കെട്ടിടത്തിന്റെ നവീകരണത്തിനുമായി അനുവദിച്ചിരുന്നു. ഇതിന് മാസങ്ങൾക്ക് മുൻപ് കോന്നി എം.എൽ.എ ആയിരുന്ന അടൂർ പ്രകാശ് ഹയർ സെക്കൻഡറി വിഭാഗം കെട്ടിടം നിർമ്മിക്കുന്നതിന് ഒന്നര കോടി രൂപയും അനുവദിച്ചിരുന്നു. എം.എൽ എ അനുവദിച്ച ഒരു നില കെട്ടിടത്തിന്റെ പണികൾ പൂർത്തിയായ ശേഷം ഇതിന് മുകളിലായി സർക്കാരിൽ നിന്നുള്ള തുക ഉപയോഗിച്ച് മറ്റ് രണ്ട് നിലകൾ കൂടി പണിയാനായിരുന്നു തീരുമാനം. എം.എൽ.എ ഫണ്ട് വിനിയോഗിച്ച് താഴത്തെ നില പണിയാൻ കരുനാഗപ്പള്ളി സ്വദേശിക്ക് 1.25 കോടി രൂപയ്ക്ക് കരാറും നൽകി. എന്നാൽ കെട്ടിടത്തിന്റെ ഫൗണ്ടേഷന്റെ പണികൾ പൂർത്തീകരിച്ച ശേഷം ഫില്ലറുകൾക്കായി കമ്പികൾ സ്ഥാപിച്ചതോടെ പണിമുടങ്ങി. രണ്ട് വർഷമായി മഴയും വെയിലുമേറ്റ് കമ്പികൾ മിക്കതും തുരുമ്പിച്ച് നാശവസ്ഥയിലാണ്. ഒന്നാം നിലയുടെ പണികൾ പൂർത്തികരിക്കാത്തതിനാൽ സർക്കാരിൽ നിന്ന് 3 കോടി അനുവദിച്ച് നിർമ്മിക്കാനിരുന്ന മറ്റ് രണ്ട് നിലകളുടെ നിർമ്മാണവും പ്രതിസന്ധിയിലായി. സി.പി.എം ജില്ലാ സെക്രട്ടറി കെ.പി ഉദയഭാനുവും ജില്ലാ പഞ്ചായത്തംഗം ആർ.ബി രാജീവ് കുമാറും നടത്തിയ ഇടപെടലിനെ തുടർന്നായിരുന്നു മൂന്ന് കോടി അനുവദിച്ചത്. ഇതിനിടെ പലതവണ ആദ്യനിലയുടെ പണികൾ പൂർത്തീ കരിക്കണമെന്ന ആവശ്യവുമായി സ്കൂൾ അധികൃതരും നാട്ടുകാരും പല തവണ എം.എൽ.എയെ സമീപിച്ചു. കഴിഞ്ഞ ലോകസഭ തിരഞ്ഞെടുപ്പിൽ ആറ്റിങ്ങലിൽ നിന്ന് അടൂർ പ്രകാശ് മത്സരിച്ച് തിരഞ്ഞെടുക്കപ്പെട്ടതോടെ കെട്ടിടത്തിന്റെ കാര്യം ത്രിശങ്കുവിലായി. പരാതി പറയാൻ പോലും കഴിയാത്ത അവസ്ഥയിലാണ് സ്കൂൾ അധികൃതർ ഇപ്പോൾ.
120 വർഷം പഴക്കമുള്ള സ്കൂളിൽ 600ൽ പരം വിദ്യാർത്ഥികളാണ് ഇപ്പോൾ അദ്ധ്യയനം നടത്തുന്നത്.
രണ്ട് വർഷമായി മുടങ്ങി കിടക്കുന്ന കെട്ടിടത്തിന്റെ ആദ്യ നിലയുടെ നിർമ്മാണം ഉടൻ പൂർത്തികരിച്ചില്ലങ്കിൽ ശക്തമായ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കും.
ഡി.ബിനോയി
സി.പി.എം ലോക്കൽ കമ്മിറ്റി സെക്രട്ടറി
സംസ്ഥാന ബഡ്ജറ്റിൽ നിന്ന് : 3 കോടി
എം.എൽ.എ ഫണ്ടിൽ നിന്ന് : 1.5 കോടി
600ൽ അധികം കുട്ടികൾ പഠനം നടത്തുന്നു