mannira
പ്രകൃതി-പരിസ്ഥിതി സെമിനാറിൽ മണ്ണിര ചീഫ് കോ-ഓർഡിനേറ്റർ അനീഷ് വി.കുറുപ്പ് ക്ളാസ്സ് എടുക്കുന്നു

ചെങ്ങന്നൂർ: ചെറിയനാട് എസ്.എൻ ട്രസ്റ്റ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾ ഇനി ഉപയോഗശേഷം പ്ലാസ്റ്റിക് പേന മണ്ണിലേക്ക് വലിച്ചെറിയില്ല. പകരം സ്‌കൂളിൽ ക്രമീകരിക്കുന്ന പെൻ പോട്ടിൽ ഇവ നിക്ഷേപിക്കും. പോട്ട് നിറയുമ്പോൾ പരിസ്ഥിതി സംഘടനയായ മണ്ണിരയുടെ പ്രവർത്തകരെത്തി പേനകൾ ഏറ്റുവാങ്ങി സംസ്‌കരണ ഏജൻസിക്കു കൈമാറും. സ്റ്റുഡന്റ് പൊലീസ് കെഡറ്റുകൾക്കായി സംഘടിപ്പിച്ച പരിസ്ഥിതി സെമിനാറിലാണു പുത്തൻ ആശയം ഉരുത്തിരിഞ്ഞത്. കൂടാതെ പ്ലാസ്റ്റിക് വാട്ടർ ബോട്ടിലിനു പകരം ചില്ലു കുപ്പിയിലോ സ്റ്റീൽ കുപ്പിയിലോ കുടിവെള്ളം കൊണ്ടുവരാനും നിർദ്ദേശിച്ചു. സെമിനാറിനെ തുടർന്ന് കുട്ടികളുടെ ആവശ്യപ്രകാരം കടലാസു പേന നിർമ്മാണം പരിശീലിപ്പിക്കാനും പദ്ധതിയുണ്ട്. മണ്ണിര ചീഫ് കോ-ഓർഡിനേറ്റർ അനീഷ് വി.കുറുപ്പ് ക്ലാസ് നയിച്ചു. കമ്യൂണിറ്റി പൊലീസ് ഓഫിസർ ബി.ബാബു സ്വാഗതം പറഞ്ഞു. മണ്ണിര ചീഫ് കോ-ഓർഡിനേറ്റർമാരായ സതീഷ്‌കുമാർ എസ്.രഞ്ജു കൃഷ്ണൻ,എസ്.രംഗൻ, പ്രവർത്തകരായ ശരണ്യ സതീഷ്, അമൽ എസ്.കുമാർ, അഡീഷനൽ കമ്യൂണിറ്റി പൊലീസ് ഓഫിസർ പി.ജി.ശ്രീലത, ഡ്രിൽ ഇൻസ്ട്രക്ടർ സജു മോൾ, ഗൈഡ്‌സ് ക്യാപ്റ്റൻ എസ്.സ്മിത എന്നിവർ പങ്കെടുത്തു.