പത്തനംതിട്ട : കുവൈറ്റിലേക്കുള്ള വിസ വാഗ്ദാനം ചെയ്ത് യുവാക്കളുടെ കൈയിൽ നിന്ന് ലക്ഷങ്ങൾ വാങ്ങിയ യുവതി മുങ്ങി. കോഴഞ്ചേരി, പത്തനംതിട്ട സ്വദേശികളായ 70ൽ അധികം യുവാക്കളാണ് കബളിക്കപ്പെട്ടത്. ഹൈദരാബാദ് കേന്ദ്രമാക്കി പ്രവർത്തിയ്ക്കുന്ന അൽ - മൻസൂർ സർവീസസിന്റെ നടത്തിപ്പുകാരി തിരുവല്ല സ്വദേശിയായ ഫാത്തി മറിയയാണ് തട്ടിപ്പ് നടത്തിയത്. കുവൈറ്റിൽ ഡ്രൈവർ, ഹെവി ഡ്രൈവർ, ഓഫീസ് അസിസ്റ്റന്റ് തുടങ്ങിയ ജോലികൾ വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്.
കോഴഞ്ചേരി കീഴുകര സ്വദേശി സുബിൻ കൃഷ്ണൻ, റോബിൻ, വിഷ്ണു, കുമ്പനാട് സ്വദേശി മോജോ തോമസ്, കോട്ടാരക്കര സ്വദേശി അൻഷാദ്, അടൂർ സ്വദേശി ഷിബു, പത്തനംതിട്ടയിലുള്ള അനീഷ്, ശ്രീജിത്ത് , അനിൽ എന്നിവരുടെ പണം നഷ്ടമായി. സുബിൻ കൃഷ്ണൻ 80000 രൂപ നൽകിയിരുന്നു. 20000 മുതൽ 100000 രൂപ വരെ നൽകിയവരുമുണ്ട്. കഴിഞ്ഞ നവംബറിൽ ഹൈദരബാദ് കേന്ദ്രീകരിച്ചുള്ള അൽ-മൻസൂർ സർവീസസിനെക്കുറിച്ച് സുഹൃത്തായ ബിജുവാണ് സുബിനോടും സുഹൃത്തക്കളോടും പറയുന്നത്.
ഡ്രൈവിംഗ് സ്കൂൾ നടത്തിപ്പുകാരനായ ബിജു പിന്നീട് ബൈക്ക് അപകടത്തിൽ മരിച്ചു. ബിജുവിന്റെ ഇടപാടിൽ നേരത്തെ യുവതി നിരവധി പേരെ വിദേശത്ത് എത്തിച്ചിരുന്നു. ഇതിന്റെ വിവരങ്ങൾ നിരത്തി യുവാക്കളുടെ വിശ്വാസ്യത നേടാനായി.
കഴിഞ്ഞ ജനുവരി 30ന് മെഡിക്കൽ എടുക്കാൻ എത്തണമെന്ന് ഫാത്തിമ പറഞ്ഞതനുസരിച്ച് യുവാക്കൾ ഹൈദരാബാദിൽ എത്തി. അവിടെ ഒരു ആശുപത്രിയിൽ മെഡിക്കൽ എടുത്തു. എന്നാൽ അതിന് ശേഷം യുവതി ഫോൺ എടുക്കാതെയായതോടെയാണ് കബളിക്കപ്പെട്ടെന്ന് അറിയുന്നത്. അടൂർ സ്വദേശിയായ ഷിബുവിന്റെയും പണവും പാസ് പോർട്ടും നഷ്ടമായി. ഷിബു എസ്.പി ഓഫീസിലും സുബിൻ ആറന്മുള പൊലീസ് സ്റ്റേഷനിലും പരാതി നൽകി.