notice

പത്തനംതിട്ട: വനിത പൊലീസ് ഉദ്യോഗസ്ഥയെ അടക്കം പെട്രോൾ ഒഴിച്ച് ചുട്ടുകൊന്ന സംഭവങ്ങളുടെ പശ്ചാത്തലത്തിൽ പെട്രോൾ വില്പന സംബന്ധിച്ച് ഡി.ജി.പി ഇറക്കിയ ഉത്തരവ് പൊലീസുകാർ കർശനമായി നടപ്പിലാക്കാൻ തുടങ്ങിയതോടെ വ്യാപാരികളും ഒരു വിഭാഗം തൊഴിലാളികളും പ്രതിസന്ധിയിലായി. വാഹനങ്ങൾക്ക് നേരിട്ടല്ലാതെ, കുപ്പികളിലും കാനുകളിലും പെട്രോൾ നൽകരുതെന്നാണ് നിർദ്ദേശം. ജനറേറ്റർ പ്രവർത്തിപ്പിക്കേണ്ടവർ മുതൽ പുല്ലുവെട്ട് യന്ത്രം പോലുള്ളവ ഉപയോഗിച്ച് ജോലിചെയ്യുന്നവർ വരെ നിയമം മൂലം ബുദ്ധിമുട്ടുന്നു. ഉത്തരവിൽ പെട്രോളിന്റെ കാര്യം മാത്രമേ രേഖപ്പെടുത്തിയിട്ടുള്ളെങ്കിലും ചില പമ്പുകൾ ഡീസലും കന്നാസിൽ നൽകുന്നില്ല. അതത് പ്രദേശങ്ങളിലെ എസ്.ഐമാർ ഇറക്കിയ ഉത്തരവിന്റെ പകർപ്പ് പമ്പുകളിൽ പതിച്ചിട്ടുണ്ട്. വിലക്ക് ലംഘിച്ചാൽ പമ്പുടമകൾക്കെതിരെ നടപടിയെടുക്കുമെന്നാണ് പൊലീസിന്റെ അറിയിപ്പ്.

പെട്രോൾ കിട്ടാൻ...

വാഹനങ്ങളിലൂടെയല്ലാതെ പെട്രോൾ വാങ്ങണമെന്നുള്ളവർ ഉദ്ദേശ്യം വ്യക്തമാക്കി തിരിച്ചറിയൽ കാർഡും സ്ഥാപനങ്ങളുടെ ലൈസൻസും ഉൾപ്പെടെ അതത് പൊലീസ് സ്റ്റേഷനിൽ അപേക്ഷ നൽകണം. അപേക്ഷ ന്യായമാണെന്ന് ഉറപ്പാക്കിയ ശേഷമേ ജനറേറ്ററുകളിലും മോട്ടോറുകളിലും പെട്രോൾ നിറയ്ക്കാൻ പൊലീസ് അനുമതി നൽകൂ. ഭാരമുളള ജനറേറ്ററുകൾ പമ്പുകളിലെത്തിക്കുന്നത് പ്രായോഗികമല്ലെന്നും വ്യാപാരികൾ പറയുന്നു. അപേക്ഷയിന്മേലുള്ള പൊലീസ് അന്വേഷണം വൈകുന്നതായും പരാതിയുണ്ട്.

വൈദ്യുതി മുടങ്ങുമ്പോൾ സ്ഥാപനങ്ങളും വ്യാപാരികളും മൈക്ക് സെറ്റുകാരും ജനറേറ്ററാണ് പ്രവർത്തിപ്പിക്കുന്നത്. കാർഷിക മേഖലയിൽ ജലസേചനത്തിന് പെട്രോൾ നിറയ്ക്കുന്ന മോട്ടോറുകൾ ഉപയോഗിക്കുന്നുണ്ട്. തടിവെട്ട്, പുല്ലുവെട്ട്, ടാർ മിക്സ്‌ചർ തുടങ്ങിയ യന്ത്രങ്ങളിൽ പെട്രോൾ മോട്ടോറുകളുണ്ട്. ഒാരോ ദിവസവും ജോലിക്കു പോകുന്ന സ്ഥലങ്ങളിലെ പൊലീസ് സ്റ്റേഷനുകളിലെത്തി വേണം ഇവർ പെട്രോൾ വാങ്ങാൻ പെർമിറ്റ് എടുക്കേണ്ടത്. എന്നാൽ, പെർമിറ്റുമായി വരുന്ന പരിചയമുള്ളവർക്ക് കാനുകളിൽ പെട്രോൾ നൽകാൻ പമ്പുടമകൾക്ക് പൊലീസ് വാക്കാൽ അനുമതി നൽകിയിട്ടുണ്ട്.

''പൊലീസ് നടപടി നല്ല ഉദ്ദേശ്യത്തോടെയാകാം. പക്ഷേ, അക്രമം ആസൂത്രണം ചെയ്യുന്നവർക്ക് വാഹനങ്ങളിലെ പെട്രോൾ ചോർത്തിയെടുക്കാനും കഴിയും. പൊലീസ് വിലക്ക് കാരണം വ്യാപാരികളും ചെറുകിട സംരംഭകരും പ്രതിസന്ധിയിലാണ്.

-പ്രസാദ് ജോൺ മാമ്പ്ര (വ്യാപാരി വ്യവസായി ഏകോപന സമിതി)

'' പല സ്ഥലങ്ങളിലാണ് ജോലി. പെട്രോൾ വാങ്ങാൻ എല്ലാ ദിവസവും ഒാരോ പൊലീസ് സ്റ്റേഷനിലെത്തി പെർമിറ്റ് എടുക്കേണ്ടി വരുന്നത് ജോലിയെ ബാധിക്കുന്നു.

ബിജുകുമാർ (പുല്ലുവെട്ട് യന്ത്രം പ്രവർത്തിപ്പിക്കുന്നയാൾ)

''മോട്ടോർ പ്രവർത്തിപ്പിക്കാൻ പറ്റാത്തത് കൃഷിക്കുള്ള ജലസേചനത്തെ ബാധിക്കും.

-പി..സി. രാജൻ വല്ലന (കർഷക സമിതി, വല്ലന)

'ചില സംഭവങ്ങളുടെ പശ്ചാത്തലത്തിൽ പെട്രോൾ വിൽക്കുന്നത് നിയന്ത്രിക്കണമെന്ന ഉദ്ദേശ്യത്തോടെയാണ് പമ്പുകൾക്ക് നോട്ടീസ് നൽകിയത്.

-ജി. ജയദേവ്, ജില്ലാ പൊലീസ് ചീഫ്

വിലക്കിന് പ്രേരണയായ കൊലകൾ

1. കടമ്മനിട്ടയിൽ കാമുകിയെ വീട്ടിൽ നിന്ന് വിളിച്ചിറക്കി പെട്രോൾ ഒഴിച്ച് കത്തിച്ചു 2. തിരുവല്ലയിൽ നടുറോഡിൽ കാമുകിയെ പെട്രോൾ ഒഴിച്ച് കത്തിച്ചു 3. ആലപ്പുഴ വളളികുന്നത്ത് പൊലീസുകാരിയെ പൊലീസുകാരൻ കത്തിച്ചു