പ്ളാസ്റ്റിക്കിനെ തുരത്താൻ പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും നമ്മുടെ നാട്ടിൽ രക്ഷയില്ല. ഒന്നിനൊന്ന് കൂടിക്കൊണ്ടിരിക്കുകയാണ് പരിസ്ഥിതിക്ക് ദോഷം വരുത്തുന്ന പ്ളാസ്റ്റിക്ക്. എന്നാൽ, ഇതിനൊരു മാതൃക അങ്ങ് വിയറ്റ്നാമിൽ രൂപംകൊണ്ടിരിക്കുകയാണ്. പ്ളാസ്റ്റിക് നിർമ്മിതമായ സ്ട്രോയെ പടികടത്താൻ പുതിയൊരു ആശയം കൊണ്ടുവന്നിരിക്കുകയാണ് വിയറ്റ്‌നാമുകാരനായ ട്രാൻ മിൻ ടിൻ. പുല്ലുകൊണ്ട് സ്ട്രോ നിർമ്മിച്ചാണ് അദ്ദേഹം മാതൃക കാട്ടിയത്. പ്ളാസ്റ്റിക്കിന്റെ അതിപ്രസരം തടയുക എന്നതാണ് ലക്ഷ്യം.
സ്‌ട്രോ നിർമ്മാണ കമ്പനിയായ ഒങ് ഹട്ട് കോയുടെ ഉടമയാണ് ഇദ്ദേഹം. പ്ലാസ്റ്റിക്കിനു പകരം എന്ത് എന്ന ചോദ്യത്തിന് ഉത്തരവുമായി പലരും വന്നെങ്കിലും സ്വീകരിക്കപ്പെട്ടത് പുല്ലുകൊണ്ടുള്ള സ്‌ട്രോയാണ്. തെക്ക് പടിഞ്ഞാറൻ വിയറ്റ്‌നാമിലെ മെക്കോംഗ് ഡെൽറ്റ പ്രദേശത്ത് കാണപ്പെടുന്ന ലെപിറോണിയ ആർട്ടിക്കുലേറ്റ എന്ന ശാസ്ത്രനാമത്തിൽ അറിയപ്പെടുന്ന പുല്ലിൽ നിന്നുമാണ് സ്‌ട്രോ നിർമ്മിക്കുന്നത്. കോ ബാങ് എന്നാണ് വിയറ്റ്‌നാമിൽ ഈ പുല്ലിന് പറയുന്നത്.
പ്ലാസ്റ്റിക്കിനെതിരെ എന്തെങ്കിലും ചെയ്യണം എന്ന ഹട്ട് കോയുടെ ചിന്തയിൽ നിന്നുമാണ് ഇങ്ങനെയൊരാശയം ഉരുത്തിരിഞ്ഞത്. കോ ബാങ് എന്ന പുല്ല് സ്‌ട്രോയുടെ രൂപത്തിൽ തന്നെയാണുള്ളത്. അതിനാൽതന്നെ സ്‌ട്രോയായി ഉപയോഗിക്കാൻ എളുപ്പമാണ്. ഈ സ്‌ട്രോ രണ്ട് രീതിയിലാണ് വിപണിയിൽ എത്തിക്കുന്നത്. പച്ചയായും ഉണക്കിയും. 20 സെന്റി മീറ്റർ നീളമായിരിക്കും ഇതിനുണ്ടാവുക. പുല്ല് വൃത്തിയാക്കുന്നതിനും പ്രത്യേക സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്. പച്ച പുല്ലുകൊണ്ടുള്ള സ്‌ട്രോ എയർടൈറ്റ് ബാഗിലാക്കി ഫ്രിഡ്ജിൽ സൂക്ഷിക്കുകയാണെങ്കിൽ ഏകദേശം രണ്ടാഴ്ചയോളം ഉപയോഗിക്കാം. കൂടുതൽകാലം സ്‌ട്രോ ഉപയോഗിക്കണമെന്നുണ്ടെങ്കിൽ ഉപ്പുവെള്ളത്തിലിട്ട് ചൂടാക്കി ഉണക്കി സൂക്ഷിച്ചാൽ മതി. ഉണങ്ങിയ സ്‌ട്രോയാണെങ്കിൽ 6 മാസത്തോളം കേടുവരാതെ ഉപയോഗിക്കാം. വലിയ വിലയല്ലാത്തതിനാലും പരിസ്ഥിതി സൗഹൃദമായതുകൊണ്ടും പുതിയ സംരംഭത്തെ ഇരുകൈയും നീട്ടി വിയറ്റ്‌നാം ജനത സ്വീകരിച്ചു കഴിഞ്ഞു.