കൊല്ലം: സിറ്റി പൊലീസ് കമ്മിഷണർ ഓഫീസിലേക്കുള്ള റോഡിന്റെ വീതി വർദ്ധിപ്പിക്കണമെന്ന് പൊതുജനങ്ങളുടെ ആവശ്യം. മേൽപ്പാലം അവസാനിക്കുന്ന കോൺഗ്രസ് ജില്ലാ കമ്മിറ്റി ഓഫീസിന് മുന്നിൽ നിന്ന് കമ്മിഷണർ ഓഫീസിലേക്കുള്ള റോഡിന് ഒരു വാഹനത്തിന് പോകാനുള്ള വീതി മാത്രമാണ് നിലവിലുള്ളത്.
എസ്.എൻ ട്രസ്റ്റ് ഓഫീസ്, എസ്.എൻ ട്രസ്റ്റ് ഹയർ സെക്കൻഡറി സ്‌കൂൾ, വൈ.ഡബ്ല്യു.സി.എ ഹോസ്റ്റൽ, മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡ് ആസ്ഥാനം, കന്റോൺമെന്റ് ശ്രീകൃഷ്‌ണസ്വാമി ക്ഷേത്രം എന്നിവയും ഈ വഴിയിലാണ്. ദിവസവും നൂറ് കണക്കിന് വിദ്യാർത്ഥികളും പൊതുജനങ്ങളും സഞ്ചരിക്കുന്ന വഴിയുടെ വീതിക്കുറവ് പല തവണ അധികൃതരുടെ ശ്രദ്ധയിലെത്തിച്ചെങ്കിലും നടപടി ഉണ്ടായിട്ടില്ല.
200 മീറ്ററിലേറെ ദൈർഘ്യമുള്ള റോഡ് പല ഭാഗത്തും തകർന്ന നിലയിലാണ്. ഈ റോഡിലൂടെ വരുന്നവർക്ക് പ്രധാന പാതയിലേക്ക് കയറാനും ബുദ്ധിമുട്ടാണ്. യു ടേൺ എടുത്ത് റോഡിലേക്ക് കയറാനുള്ള സൗകര്യം ഇല്ലെന്നതാണ് പ്രശ്നം.
റോഡിന്റെ വീതി വർധിപ്പിക്കുന്നതിനൊപ്പം വാഹനങ്ങൾക്ക് അപകടരഹിതമായ യു ടേൺ സൗകര്യവും അനിവാര്യമാണ്. ജനങ്ങളുടെ യാത്രാ സൗകര്യങ്ങൾ വർദ്ധിപ്പിക്കാനും അപകട സാധ്യത ഒഴിവാക്കാനും അടിയന്തര ഇടപെടൽ വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.