കൊട്ടാരക്കര: രോഗത്തിന്റെ കാഠിന്യത്തിൽ കഷ്ടത അനുഭവിക്കുന്ന ശില്പയ്ക്ക് സഹായ ഹസ്തവുമായി വെണ്ടാർ ശ്രീഭൂതനാഥ ക്ഷേത്രം ട്രസ്റ്റ് ഭാരവാഹികൾ. ഓടനാവട്ടം മുട്ടറ മാവേലിക്കോണത്ത് വീട്ടിൽ ജയകുമാർ - ബിന്ദു ദമ്പതികളുടെ മകളാണ് ശില്പ (16). ഫുട്ബാൾ താരവും ചിത്രകാരിയുമായ ശില്പയ്ക്ക് 2017 ജൂലായ് മാസത്തിൽ കായിക പരിശീലനത്തിനിടെയാണ് രോഗ ലക്ഷണങ്ങൾ കണ്ടുതുടങ്ങിയത്. പിന്നീട് തിരുവനന്തപുരം ആർ.സി.സിയിൽ നടത്തിയ പരിശോധനയിൽ രക്താർബുദമാണെന്ന് സ്ഥിരീകരിച്ചിരുന്നു. മജ്ജ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വേണ്ടിവരുമെന്ന് അറിയിച്ചതോടെ വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. വലിയ സാമ്പത്തികച്ചെലവ് വരുമെന്നറിഞ്ഞതോടെ ടാപ്പിംഗ് തൊഴിലാളിയായ ജയകുമാറും കുടുംബവും വിഷമാവസ്ഥയിലായിരുന്നു. ശ്രീഭൂതനാഥ ക്ഷേത്രം ട്രസ്റ്റ് ഭാരവാഹികൾ ശില്പയുടെ വീട്ടിലെത്തിയാണ് 25,000 രൂപ സംഭാവന നൽകിയത്. തുടർ സഹായങ്ങളും വാഗ്ദാനം ചെയ്തിട്ടുണ്ട്. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷൈല സലീംലാൽ, മുൻ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ. മന്മദൻ നായർ എന്നിവരുടെ സാന്നിദ്ധ്യത്തിൽ ക്ഷേത്ര ഭരണസമിതി പ്രസിഡന്റ് അനിൽകുമാർ തുക കൈമാറി.