bus

കൊല്ലം: ബസുകളിൽ തിരക്കിനൊപ്പം സീറ്റിനു വേണ്ടിയുള്ള വഴക്കുകളും സ്ഥിരം കാഴ്‌ചയാവുന്നു. മുതിർന്നവർക്കായുള്ള സീറ്റിലിരുന്നു മൊബൈലിൽ കുത്തികളിക്കുന്നവർ ചുരുക്കമല്ല. പിടിച്ചു നിൽക്കാൻ കഴിയാതെ സീറ്റൊഴിഞ്ഞ് തരാൻ പറഞ്ഞാൽ താനും പൈസ കൊടുത്താണ് യാത്ര ചെയ്യുന്നതെന്നാണ് പലരുടെയും നിലപാട്. അതേസമയം മറുവശത്ത് സ്‌ത്രീകളാണ്

വഴക്കുകൾക്ക് മുന്നിൽ. തിരക്കുള്ള ബസുകളിൽ വൃദ്ധരായവർ കയറിയാൽ സാമാന്യ മര്യാദ പോലും കാണിക്കാതെ സീറ്റൊഴിഞ്ഞ് കൊടുക്കാൻ മടികാട്ടുന്ന സ്‌ത്രീകളാണെന്നതാണ് ആശ്ചര്യം. ജനറൽ സീറ്റിലാണ് താൻ യാത്ര ചെയ്യുന്നതെന്നാണ് ഇവരുടെ ന്യായം. ജോലി ക്ഷീണത്തിലിരിക്കുന്ന തങ്ങൾ എന്തിന് എഴുന്നേറ്റ് കൊടുക്കണം.. പണം നൽകിയാണ് യാത്ര ചെയ്യുന്നതെന്ന് പറയുന്നവരും കുറവല്ല.

ഭിന്നശേഷിക്കാർ, മുതിർന്നവർ, വനിതകൾ, അമ്മയും കുഞ്ഞും, അന്ധർ എന്നിങ്ങനെ സീറ്റുകൾ നൽകിയിട്ടുണ്ടെങ്കിലും കാര്യമില്ല. അർഹരായവർ കയറിയാലും എഴുന്നേറ്റുകൊടുക്കാൻ തയ്യാറാവാത്തതാണ് കഷ്‌ടം. ബസുകളിലെ ഇത്തരം പ്രശ്നങ്ങൾ ബസിൽ തന്നെ ഒതുങ്ങുന്നതിനാൽ ആരും പരാതിയുമായി അധികൃതരെ ബന്ധപ്പെടാറില്ലെന്നതാണ് വാസ്‌തവം. മറ്റൊരു പ്രശ്നം ബസുകളിലെ സീറ്റിന്റെ എണ്ണ കുറവാണ്. എണ്ണം കൂടുന്നതിന് അനുസരിച്ച് സർക്കാരിന് നൽകേണ്ട ടാക്‌സും കൂടുതലാണെന്ന കാരണം മൂലം പല ബസുകളിലും സീറ്റുകൾ കുറവാണ്.

''ബസുകളിൽ ചെക്കിംഗുകൾ സ്ഥിരമായി നടത്താറുണ്ട്. ഇത്തരം പ്രശ്നങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ കണ്ടക്‌ടർമാരെ പ്രശ്നപരിഹാരത്തിനായി ഏർപ്പെടുത്താറുണ്ട്. എന്നാൽ അവർ ഇടപ്പെട്ടാലും കൂടുതലും സ്‌ത്രീകൾ സഹകരിക്കാറില്ല. ഏതെങ്കിലും ബസുകളിൽ ഇത്തരം പ്രശ്നങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ അതിന് പരിഹാരം കാണും.''

- ആർ.ടി.ഒ