കൊല്ലം: ജോലിക്ക് നിന്ന വീട്ടിൽ നിന്നു സ്വർണവും പണവും കവർന്ന കേസിൽ സഹോദരിമാർ പിടിയിലായി.കൊറ്റങ്കര, പുനക്കന്നൂർ സജാദ് മൻസിലിൽ ശോഭിത(35), സഹോദരി വെളിനല്ലൂർ അൽ അമീൻ ലക്ഷംവീട്ടിൽ അനീസ (33) എന്നിവരാണ് പിടിയിലായത്.
ശോഭിത ജോലിക്കു നിന്ന കക്കോട്ടുമൂലയിലെ ബാങ്ക് ഉദ്യോഗസ്ഥയുടെ വീട്ടിൽ നിന്നാണ് ഏകദേശം 20 പവനും ഒന്നേമുക്കാൽ ലക്ഷം രൂപയും നഷ്ടമായത്. കഴിഞ്ഞ മേയ് 28ന് അലമാര പരിശോധിച്ചപ്പോഴാണ് ഇവ നഷ്ടമായെന്ന് അറിഞ്ഞത്. ഇക്കാര്യം സംസാരിച്ചതോടെ ശോഭിത ജോലിക്ക് വരാതെയായി. വീട്ടുകാർ കൊട്ടിയം പൊലീസിൽ പരാതി നൽകി. അവരുടെ അധികാര പരിധിയിൽ അല്ലാത്തതിനാൽ അവർ അന്വേഷിച്ചില്ല. ഇക്കഴിഞ്ഞ ദിവസം ഇരവിപുരം സ്റ്റേഷനിൽ പരാതി എത്തിയതോടെയാണ് അന്വേഷണം തുടങ്ങിയത്. പൊലീസ് ശോഭിതയുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ കുറച്ച് സ്വർണം കണ്ടെടുത്തു. ചോദ്യം ചെയ്യലിലാണ് സഹോദരി അനീസയുടെ പങ്ക് വ്യക്തമായത്. പല ദിവസങ്ങളിലായി മോഷ്ടിച്ച സ്വർണം ശോഭിത അനീസയ്ക്ക് കൈമാറുകയായിരുന്നു. അനീസ പല പണമിടപാട് സ്ഥാപനങ്ങളിലായി പണയം വച്ചശേഷം പണം പങ്കിട്ട് എടുക്കുകയായിരുന്നു. പണയം വച്ച സ്വർണം കണ്ടെടുത്തെങ്കിലും നഷ്ടമായ സ്വർണവും പണവും പൂർണമായും വീണ്ടെടുത്തിട്ടില്ല.
സഹോദരിമാരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കവർച്ച ആസൂത്രണം ചെയ്തതിലും മോഷ്ടിച്ച സ്വർണം വിറ്റതിലും കൂടുതൽ പേർക്ക് പങ്കുള്ളതായി സംശയമുണ്ട്. ശോഭിത നേരത്തെ ജോലിക്ക് നിന്ന വീടുകളിൽ കവർച്ച നടത്തിയിട്ടുണ്ടോയെന്ന അന്വേഷണവും നടക്കുന്നുണ്ട്.
കൊല്ലം എ.സി.പി പ്രദീപ് കുമാറിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ കെ.പി. അനീഷ്, ജ്യോതി സുധാകർ, രമാകാന്തൻ, സീനിയർ സി.പി.ഒ ശിവകുമാർ, വനിതാ സി.പി.ഒമാരായ മഞ്ജുഷ, ജലജ, ജയകുമാരി എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.