എഴുകോൺ: കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നെടുമൺകാവ് സാമൂഹികാരോഗ്യ കേന്ദ്രത്തിൽ നിർമ്മിച്ച മാമോഗ്രാം സെന്റർ ഉടൻ പ്രവർത്തനം ആരംഭിക്കും. 12 ലക്ഷം രൂപ ചെലവിലാണ് റേഡിയേഷൻ നിയന്ത്രണ സംവിധാനമുള്ള കെട്ടിടം നിർമ്മിച്ചിരിക്കുന്നത്. നിലവിൽ ജില്ലാ ആശുപത്രിയിൽ മാത്രമാണ് മാമോഗ്രാം സെന്റർ ഉള്ളത്. ബ്ലോക്ക് പഞ്ചായത്തിന്റെ 20 ലക്ഷം രൂപ ചെലവിൽ നിർമ്മിക്കുന്ന ലാബിനും ഓഫീസിനും ആവശ്യമായ കെട്ടിടത്തിന്റെയും ഒന്നര കോടി രൂപ എൻ.എച്ച്.എം ഫണ്ട് ഉപയോഗിച്ചുള്ള കെട്ടിടത്തിന്റെയും നിർമ്മാണം അന്തിമഘട്ടത്തിലാണ്.
മാമോഗ്രാം സെന്ററും പുതുതായി നിർമ്മിക്കുന്ന മറ്റു കെട്ടിടങ്ങളും ഉടൻ പ്രവർത്തനം ആരംഭിക്കുമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. ശശികുമാർ പറഞ്ഞു. മാമോഗ്രാം ഉപകരണങ്ങൾ വാങ്ങുന്നതിനുള്ള തുക ബ്ലോക്ക് പഞ്ചായത്തും സി.എച്ച്.സിയുടെ പരിധിയിൽ വരുന്ന എഴുകോൺ, കരീപ്ര, പൂയപ്പള്ളി, വെളിയം, നെടുവത്തൂർ പഞ്ചായത്തുകളും സംയുക്തമായാണ് നൽകേണ്ടത്. എന്നാൽ ബ്ലോക്ക് പഞ്ചായത്തിൽ നിന്ന് അറിയിപ്പ് ലഭിച്ചെങ്കിലും യാതൊരു തീരുമാനവും പഞ്ചായത്തുകളിൽ ഉണ്ടായിട്ടില്ല. ആയിരക്കണക്കിന് ജനങ്ങൾക്ക് പ്രയോജനമാകുന്ന പദ്ധതി വൈകിപ്പിക്കരുതെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.