waste-water

 വാഹനം പിടിച്ചെടുക്കാൻ പൊലീസിനോട് നഗരസഭ

കൊല്ലം: നഗരത്തിലെ കോഴിക്കടകളിലെ മാലിന്യം ശേഖരിച്ച് തമിഴ്നാട്ടിലേക്ക് കൊണ്ടുപോകുന്ന സ്വകാര്യ വ്യക്തിയുടെ നേതൃത്വത്തിലുള്ള സംഘം ഇറച്ചിക്കോഴിയുടെ രക്തം ഫാത്തിമ മാത കോളേജിന് മുന്നിലെ ഓടയിൽ ഒഴുക്കി. കൂറ്റൻ ടാങ്കുകളിലെത്തിച്ച് ഒഴുക്കിയ രക്തം ഓടയിലൂടെ മണിച്ചിത്തോട് വഴി അഷ്ടമുടിക്കായലിലേക്ക് ഒഴുകിയെത്തി.

ഞായറാഴ്ച രാത്രിയിലാണ് സംഭവം. നഗരത്തിലെ വിവിധ കോഴിക്കടകളിൽ നിന്ന് പെട്ടി ഓട്ടോകളിൽ ശേഖരിക്കുന്ന മാലിന്യം തമിഴ്നാട്ടിലേക്ക് കൊണ്ടുപോകാനായി കന്റോൺമെന്റ് മൈതാനത്ത് എത്തിച്ച് വലിയ ലോറികളിലേക്ക് മാറ്റാൻ സ്വകാര്യ വ്യക്തിക്ക് നഗരസഭ അനുവാദം നൽകിയിരുന്നു. നഗരസഭയുടെ അനുമതി ദുരുപയോഗം ചെയ്ത് ശേഖരിക്കുന്ന മാലിന്യം മൈതാനത്ത് കുഴിച്ചിടുകയും കൈമാറ്റത്തിനിടെ മൈതാനത്ത് രക്തം തളംകെട്ടി നിന്ന് പരിസര പ്രദേശങ്ങളിൽ ദുർഗന്ധം രൂക്ഷമാകുകയും ചെയ്തതോടെ ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി കേരളകൗമുദി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു.

വാർത്തയെ തുടർന്ന് സ്വകാര്യവ്യക്തിക്ക് നൽകിയ അനുമതി രണ്ടാഴ്ച മുമ്പ് നഗരസഭ റദ്ദാക്കിയിരുന്നു. എന്നാൽ നഗരസഭയുടെ ആരോഗ്യ വിഭാഗം സ്‌ക്വാഡ് രംഗത്തില്ലാതിരുന്ന ഞായാറാഴ്ച വീണ്ടും നഗരത്തിന്റെ വിവിധ കേന്ദ്രങ്ങളിൽ വച്ച് മാലിന്യം കൈമാറുകയും ഇറച്ചിക്കോഴിയുടെ ശേഷിച്ച രക്തം ടാങ്കുകളിൽ ശേഖരിച്ച് ഓടയിൽ ഒഴുക്കുകയുമായിരുന്നു.

 ആരോഗ്യവിഭാഗം റിപ്പോർട്ട് നൽകി

ഓട പരിശോധിച്ച ആരോഗ്യവിഭാഗം ഉദ്യോഗസ്ഥർ തളംകെട്ടി നിൽക്കുന്നത് ഇറച്ചിക്കോഴിയുടെ രക്തമാണെന്ന് സ്ഥിരീകരിച്ചു. മാലിന്യം ഓടയിൽ തള്ളിയതിനും ജലാശയം മലിനമാക്കിയതിനും കോഴി വേസ്റ്റ് കൈമാറ്രക്കാരനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് സെക്രട്ടറിക്ക് റിപ്പോർട്ട് നൽകി. മാലിന്യം തള്ളിയ ലോറി പിടിച്ചെടുക്കണമെന്നാവശ്യപ്പെട്ട് നഗരസഭ ഇന്ന് പൊലീസിന് കത്ത് നൽകും.