കരുനാഗപ്പള്ളി: ആലപ്പാട് ഗ്രാമ പഞ്ചായത്ത് സ്കൂൾ കുട്ടികൾക്കായി ഏർപ്പെടുത്തിയ അവധിക്കാല നീന്തൽ പരിശീലനം സമാപിച്ചു. 170 കുട്ടികൾക്കാണ് നീന്തൽ പരിശീലനം നൽകിയത്. ഇതിൽ 60 പെൺകുട്ടികളും 110 ആൺകുട്ടികളും ഉൾപ്പെടുന്നു. ടി.എസ് കനാലിൽ വലകെട്ടി നീന്തൽക്കുളം നിർമ്മിച്ചായിരുന്നു പരിശീലനം. കായലിൽ നീന്തൽ പരിശീലനം പൂർത്തിയാക്കിയ ശേഷം ഇവർക്ക് കടലിലും പരിശീലനം നൽകി. ആലപ്പാട്ട് ഗ്രാമ പഞ്ചായത്തിന്റെ പരിധിയിൽ വരുന്ന കായലിലും കടലിലും അഴീക്കൽ ബീച്ചിലും മുങ്ങി മരണം വർദ്ധിച്ച് വരുന്ന സാഹചര്യത്തിലാണ് ഗ്രാമ പഞ്ചായത്ത് നീന്തൽ പരിശീലന പദ്ധതിക്ക് തുടക്കം കുറിച്ചത്. രാവിലെ 7 മുതൽ 10 മണി വരെയായിരുന്നു പരിശീലനം. ഡോൾഫിൻ രതീഷാണ് പരിശീലനം നൽകിയത്. പ്രഥമ ശുശ്രൂഷ പരിശീലനവും വെള്ളത്തിലുണ്ടാകുന്ന അപകടങ്ങളെ കുറിച്ചുള്ള ക്ലാസുകളും ഇതോടൊപ്പം സംഘടിപ്പിച്ചു. പരിശീലനം കഴിഞ്ഞവർക്കുള്ള സർട്ടിഫിക്കറ്റുകൾ ആർ. രാമചന്ദ്രൻ എം.എൽ.എ വിതരണം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി. സെലീന അദ്ധ്യക്ഷത വഹിച്ചു.