പാരിപ്പള്ളി: കല്ലുവാതുക്കൽ യു.പി.എസിൽ നടന്ന സൗജന്യ നേത്ര പരിശോധനാ ക്യാമ്പ് വേളമാനൂർ ഗാന്ധിഭവനിലെ അന്തേവാസികൾക്കുൾപ്പെടെ എണ്ണൂറോളം പേർക്ക് അനുഗ്രഹമായി. കല്ലുവാതുക്കൽ സമുദ്ര ചാരിറ്റബിൾ ട്രസ്റ്റ്, തിരുനെൽവേലി അരവിന്ദ് കണ്ണാശുപത്രി, തിരുനെൽവേലി ജില്ലാ അന്ധത നിവാരണ സൊസൈറ്റി എന്നിവയുടെ ആഭിമുഖ്യത്തിലാണ് ക്യാമ്പ് സംഘടിപ്പിച്ചത്.
കാഴ്ച നശിച്ച ഗാന്ധിഭവനിലെ പത്ത് അന്തേവാസികൾക്കാണ് ശസ്ത്രക്രിയ ഉൾപ്പെടെയുള്ള സൗജന്യ ചികിത്സ ലഭ്യമായത്. ഒാപ്പറേഷൻ കഴിഞ്ഞവർക്ക് തുടർപരിശോധനയും തത്സമയം കണ്ണട നിർമ്മിച്ച് നൽകുന്നതും ഉൾപ്പെടെ എട്ട് വിഭാഗമായാണ് ക്യാമ്പ് സംഘടിപ്പിച്ചത്. ക്യാമ്പിൽ പങ്കെടുത്തവർക്ക് ഒരു മാസത്തെ മരുന്നും സൗജന്യമായി നൽകി.
കൃഷ്ണമണിക്ക് തകരാർ സംഭവിച്ച ആലംകോട് ബോംബെഹൗസിൽ പ്ലസ് വൺ വിദ്യാർത്ഥി അജിത്തിന് (19) സ്വകാര്യ ആശുപത്രിയിലെ ചികിത്സയ്ക്ക് തൊണ്ണൂറായിരം രൂപയാണ് നിശ്ചയിച്ചത്. സൗജന്യ ശസ്ത്രക്രിയ അടക്കമുള്ള ചികിത്സയാണ് അജിത്തിന് ക്യാമ്പിൽ ലഭ്യമാക്കിയത്. തിമിര ശസ്ത്രക്രിയയ്‌ക്കായി തിരഞ്ഞെടുത്തവരെ സൗജന്യ ചികിത്സയ്ക്കായി തിരുനെൽവേലി കണ്ണാശുപത്രിയിലേക്ക് കൊണ്ടുപോയതായി ക്യാമ്പിന് നേതൃത്വം നൽകിയവർ അറിയിച്ചു.