cry

ചാത്തന്നൂർ: മദ്രസയിൽ നിന്നും ഒളിച്ചോടിയ വിദ്യാർത്ഥിയെ അവശനിലയിൽ റോഡിൽ കണ്ടെത്തി. നാട്ടുകാർ പൊലിസ് സ്റ്റേഷനിൽ എത്തിച്ചു. കൊല്ലം നഗരത്തിലെ ഒരു മദ്രസയിൽ നിന്നാണ് ഒളിച്ചോടിയത്. ഇന്നലെ വൈകുന്നേരം നാല് മണിയോടെയാണ് ചാത്തന്നൂർ ജംഗ്ഷനിൽ അവശ നിലയിൽ 12 വയസുള്ള കുട്ടിയെ നാട്ടുകാർ കണ്ടത്. ആഹാരം വാങ്ങി കൊടുത്തശേഷം ചാത്തന്നൂർ പൊലിസ് സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു. പൊലീസ് ജില്ലാ ചൈൽഡ് ലൈൻ ഓഫീസിൽ അറിയിച്ചശേഷം കേസ് രജിസ്റ്റർ ചെയ്തു. രണ്ട് പേരാണ് മദ്രസയിൽ നിന്നു ഒളിച്ചോടിയതെന്നും ഒരാൾ വീട്ടിലേക്ക് പോയെന്നും കുട്ടി പറഞ്ഞു.കുട്ടിയുടെ കാലിലും കൈയിലും അടിയുടെ പാടുകൾ ഉണ്ട്. ഇന്നലെ രാവിലെയാണ് മദ്രസയിൽ നിന്നും ഇറങ്ങിയതെന്നു കുട്ടി പറഞ്ഞു

നാട്ടുകാരും പൊലീസും അറിയിച്ച പ്രകാരം കുട്ടിയുടെ മാതാവും ബന്ധുക്കളും എത്തി. പീഡനം മൂലമാണ് മദ്രസയിൽ നിന്നും ഒളിച്ചോടിയതെന്നും കടുത്ത പീഡനമാണ് നടക്കുന്നതെന്നും കുട്ടി പൊലീസിനോട് പറഞ്ഞു. കുട്ടിയുടെ പിതാവ് ഉപേക്ഷിച്ചതിനെ തുടർന്നാണ് മദ്രസയിൽ ആക്കിയതെന്ന് മാതാവ് പറയുന്നു. ആദ്യം മദ്രസയിൽ ആക്കിയപ്പോഴും ഇതേ രീതിയിൽ ഒളിച്ചോടി വീട്ടിൽ എത്തിയിരുന്നു. പിന്നീട് വീണ്ടും കൊണ്ടാക്കുകയായിരുന്നു.ചാത്തന്നൂർ പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.