പത്ത് ലക്ഷം രൂപയുടെ പദ്ധതി
കൊല്ലം: ജില്ലാ പഞ്ചായത്തിന് കീഴിലെ ആശ്രാമം സർക്കാർ ആയുർവേദ ആശുപത്രിയിൽ സ്‌കിൻ ആൻഡ് അലർജി ക്ലിനിക് ഉടൻ പ്രവർത്തനം ആരംഭിക്കും. കാലാവസ്ഥാ വ്യതിയാനവും അനാരോഗ്യമായ ആഹാരരീതികളും കാരണം ത്വക്ക് - അലർജി രോഗങ്ങൾ വ്യാപകമാകുന്ന സാഹചര്യം കണക്കിലെടുത്താണ് തീരുമാനം.
ഇക്കഴിഞ്ഞ മാർച്ചിൽ പ്രവർത്തനം ആരംഭിക്കാനിരുന്ന ക്ലിനിക്ക് അസൗകര്യങ്ങൾ മൂലം നീണ്ടുപോവുകയായിരുന്നു. ഉടൻ തന്നെ സ്പെഷ്യലിസ്‌റ്റുകളുടെ ഉൾപ്പെടെയുള്ള സേവനം ലഭ്യമാക്കി ക്ലിനിക് പ്രവർത്തിക്കും.
പദ്ധതിക്കായി പത്ത് ലക്ഷത്തോളം രൂപയാണ് ജില്ലാ പഞ്ചായത്ത് വകയിരുത്തിയിരിക്കുന്നത്. സോറിയാസിസ് ഉൾപ്പെടെയുള്ള ത്വക്ക് രോഗങ്ങൾക്കും ആസ്‌ത്‌മ പോലുള്ള അലർജി രോഗങ്ങൾക്കും മികച്ച ചികിത്സ ക്ലിനിക്കിലൂടെ ലഭ്യമാവും.
മികച്ച ചികിത്സാ സൗകര്യങ്ങൾ
കുറഞ്ഞ ചെലവിൽ മികച്ച ആയുർവേദ ചികിത്സ സാധാരണക്കാരിലുൾപ്പെടെ എത്തിക്കാനുള്ള ശ്രമത്തിലാണ് ആശ്രാമം ആയുർവേദ ആശുപത്രി. ജനറൽ മെഡിസിൻ, പീഡിയാട്രിക്, സൈക്കോളജി വിഭാഗങ്ങൾ മികച്ച സേവനമാണ് നൽകുന്നത്. ഓട്ടിസം ക്ലിനിക്, പ്രസവാനന്തരം അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യത്തിന് മുൻഗണന നൽകിയുള്ള സ്‌തൂപികാ പരിചരണം, പാലിയേറ്റീവ് കെയർ തുടങ്ങിയ സൗകര്യങ്ങളും ആശുപത്രിയിൽ ഒരുക്കിയിട്ടുണ്ട്.
പൈൽസ്, ഫിസ്റ്റുല തുടങ്ങിയ രോഗങ്ങൾക്ക് പരിഹാരം കാണുന്നതിനുള്ള ക്ഷാരസൂത്ര ചികിത്സിക്കായി പ്രവർത്തനമാരംഭിച്ച മിനി ഓപ്പറേഷൻ തിയേറ്ററിന്റെ പ്രവർത്തനവും കാര്യക്ഷമമായി നടക്കുന്നുണ്ട്. ഇതിനായി പ്രത്യേകം ഡോക്ടറെയും നഴ്‌സിനെയും നിയമിച്ചിട്ടുണ്ട്. ജനുവരിയിൽ പ്രവർത്തനം ആരംഭിച്ച മിനി ഓപ്പറേഷൻ തിയേറ്ററിന്റെ ഭാഗമായി പോസ്‌റ്റ് ഓപ്പറേറ്റീവ് വാർഡ് കൂടി സജ്ജീകരിക്കുന്നത് പരിഗണനയിലാണ്.
''ആശുപത്രിയിലെ എല്ലാ പ്രവർത്തനങ്ങളും നല്ല രീതിയിൽ മുന്നോട്ട് പോകുന്നുണ്ട്. ഇ.എൻ.ടി വിഭാഗത്തിന്റെ പ്രവർത്തനം കൂടി ആശുപത്രിയിൽ കൊണ്ടുവരാൻ സാധിച്ചാൽ എല്ലാ സ്‌പെഷ്യാലിറ്റി സേവനങ്ങളും രോഗികൾക്ക് നൽകാൻ കഴിയും.''
ഡോ. അഭിലാഷ് (ചീഫ് മെഡിക്കൽ ഓഫീസർ)