കൊല്ലം: പട്ടികജാതി - പട്ടികവർഗ്ഗ വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസ ആനുകൂല്യം ലഭ്യമാക്കാൻ ക്രീമിലെയർ ബാധകമാക്കിയ സർക്കാർ ഉത്തരവ് റദ്ദാക്കിയില്ലെങ്കിൽ പ്രക്ഷോഭം ആരംഭിക്കുമെന്ന് കെ.ഡി.എഫ് സംസ്ഥാന പ്രസിഡന്റും ദളിത് - ആദിവാസി മഹാസഖ്യം രക്ഷാധികാരിയുമായ പി.രാമഭദ്റൻ പറഞ്ഞു. ദളിത് - ആദിവാസി മഹാസഖ്യം ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
9, 10 ക്ലാസുകളിൽ സ്‌കോളർഷിപ്പിന് 2.5 ലക്ഷം രൂപയിൽ താഴെ വരുമാനമുള്ള രക്ഷിതാക്കളുടെ മക്കൾക്ക് മാത്രമാണ് അർഹതയെന്ന പട്ടികജാതിവികസന വകുപ്പ് ഡയറക്‌ടറുടെ ഉത്തരവ് പൊതുവിദ്യാഭ്യാസ ഡയറക്‌ടറും അംഗീകരിച്ചിരിക്കുകയാണ്. ഇത് നടപ്പാക്കിയാൽ ശിപായി പണിയുള്ള വ്യക്തിയുടെ മക്കൾക്ക് പോലും വിദ്യാഭ്യാസ ആനുകൂല്യം ലഭിക്കില്ല.
പട്ടികജാതി - പട്ടികവർഗ്ഗക്കാരുടെ അവകാശങ്ങൾ നൽകാതിരിക്കാനും കാലതാമസം വരുത്താനും സംഘടിത ശ്രമം നടക്കുന്നുണ്ട്. സർക്കാർ നിലപാട് തിരുത്തിയില്ലെങ്കിൽ കൂട്ടായ പ്രക്ഷോഭം നേരിടേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.
മഹാസഖ്യം ജനറൽ സെക്രട്ടറി നെയ്യാറ്റിൻകര സത്യശീലൻ അദ്ധ്യക്ഷനായിരുന്നു. സംസ്ഥാന സെക്രട്ടറിമാരായ പട്ടംതുരുത്ത് ബാബു, എസ്.പി. മഞ്ജു, വിവിധ സംഘടനാ നേതാക്കളായ എൻ.രഘുനാഥൻ, ജി. ശ്രീദാസൻ, സി.കെ.സുന്ദർദാസ്, പി.ദേവരാജൻ തുടങ്ങിയവർ പ്രസംഗിച്ചു.
ഭാരവാഹികളായി സി.കെ.സുന്ദർദാസ് (പ്രസി.), എൻ. രഘുനാഥൻ (ജന.സെക്രട്ടറി), ബാബു പേരാംതൊടി (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.