dam
ജലനിരപ്പ് താഴ്ന്ന തെന്മല പരപ്പാർ അണക്കെട്ട്

പുനലൂർ: കിഴക്കൻ മലയോര മേഖലയിൽ

മഴ ദുർബലമായതിനെത്തുടർന്ന് തെന്മല പരപ്പാർ അണക്കെട്ടിലെ ജല നിരപ്പ് ക്രമാതീതമായി താഴുന്നു. പവർ ഹൗസിൽ നിന്നുളള വൈദ്യുതി ഉൽപ്പാദനം കുറച്ചു. ദിവസവും 15 മെഗാവാട്ട് വൈദ്യുതി വീതം ഉൽപ്പാദിപ്പിച്ചിരുന്ന രണ്ട് ജനറേറ്ററുകളിൽ ഒന്നു മാത്രമാണ് ഇപ്പോൾ പ്രവർത്തിപ്പിക്കുന്നത്.അതും വൈകിട്ട് 6 മുതൽ രാത്രി 10വരെ മാത്രം.

മുൻ വർഷങ്ങളിൽ ജൂൺ അവസാനത്തോടെ അണക്കെട്ട് നിറയുമായിരുന്നു. കഴിഞ്ഞ വർഷത്തെ വെള്ളപ്പൊക്കത്തിൽ അണക്കെട്ട് കവിഞ്ഞൊഴുകി. അന്ന് മൂന്ന് ഷട്ടറുകളും എട്ട് അടി വരെ ഉയർത്തി ഒരാഴ്ചയോളം വെള്ളം കല്ലടയാറ്റിലേക്ക് ഒഴുക്കിയിരുന്നു. ഇത്തവണ മഴ കുറഞ്ഞതോടെ അണക്കെട്ടിലും പോഷക നദികളായ ശെന്തുരുണി, കുളത്തൂപ്പുഴ, കഴുതുരുട്ടി തുടങ്ങിയവയിലും ജല നിരപ്പ് കാര്യമായ തോതിൽ ഉയർന്നില്ല.

ജൂൺ ആദ്യത്തെ ഒരാഴ്ച മഴ ലഭിച്ചെങ്കിലും പിന്നീട് ദുർബലമായി. അതോടെ മലനിരകളിൽ നിന്നുളള നീരൊഴുക്ക് നിലച്ചു. പദ്ധതി പ്രദേശത്തെ ജലനിരപ്പ് താഴ്ന്നതോടെ വൈദ്യുതി ഉൽപ്പാദിപ്പിച്ച ശേഷം പുറത്തേക്ക് വരുന്ന വെള്ളം കല്ലടയാറ്റിലേക്ക് ഒഴുക്കുന്നത് താൽക്കാലികമായി നിറുത്തിവച്ചത് തീരത്ത് താമസിക്കുന്നവരെയും വലയ്ക്കുന്നു. കല്ലടയാറ്റിലെ ഒറ്റക്കൽ ലുക്കൗട്ട് തടയണയ്ക്ക് താഴെ മേജർ ഇറിഗേഷന്റെ നേതൃത്വത്തിൽ കുളിക്കടവ് പണിയുന്നത് കണക്കിലെടുത്താണ് ആറ്റിലൂടെ വെള്ളം ഒഴുക്കുന്നത് താൽക്കാലികമായി നിറുത്തിവച്ചത്. അതു പൂർത്തിയാക്കാൻ ഒരാഴ്ച കൂടി വേണ്ടിവരും. അതിനുശേഷമേ കല്ലടയാറ്റിലേക്ക് വെള്ളം ഒഴുക്കുകയുള്ളൂവെന്ന് അധികൃതർ അറിയിച്ചു.

ജല നിരപ്പ്

പരമാവധി ശേഷി : 116.72 മീറ്റർ

തിങ്കൾ: 98.80 മീറ്റർ

ഞായർ: 98.82മീറ്റർ

കഴിഞ്ഞ വർഷം : 108.80 മീറ്റർ

വൈദ്യുതി ഉല്പാദനം:

വൈകിട്ട് 6 മുതൽ രാത്രി 10വരെ മാത്രമായി ചുരുക്കി

രണ്ടു ജനറേറ്റുകളിൽ ഒന്നുമാത്രം പ്രവർത്തിപ്പിക്കുന്നു