auto-driver
Auto Driver

കൊല്ലം: നഗരത്തിലെ ഓട്ടോകൾക്ക് ഇന്നലെ മുതൽ മീറ്റർ നിർബന്ധമാക്കിയിട്ടും അത് പ്രവർത്തിപ്പിക്കാതെ സവാരി നടത്തിയ 22 ഓട്ടോറിക്ഷകൾക്ക് പിഴ ചുമത്തി. മോട്ടോർ വാഹനവകുപ്പും ട്രാഫിക് പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് നിയമം കാറ്റിൽപ്പറത്തിയ ഓട്ടോറിക്ഷകൾ കുടുങ്ങിയത്.

നഗരത്തിന്റെ വിവിധ കേന്ദ്രങ്ങളിലായി 125 ഓട്ടോറിക്ഷകളാണ് പരിശോധിച്ചത്. ലൈസൻസില്ലാതെ ഓട്ടോ ഓടിച്ച രണ്ട് ഡ്രൈവർമാർക്കെതിരെയും കേസെടുത്തു. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ഡി.എസ്. ബിജു, എ.എം.വി.ഐ സജീഷ്, ട്രാഫിക് എസ്.ഐമാരായ അമൽ രാജശേഖരൻ, എ.എസ്.ഐമാരായ രാജേഷ്, ജോസഫ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

 വരുംദിവസങ്ങളിൽ കൂടുതൽ പിഴ

മീറ്റർ പ്രവർത്തിപ്പിക്കാത്ത ഓട്ടോകൾക്ക് ഇന്നലെ 200 രൂപ മാത്രമാണ് പിഴ ചുമത്തിയത്. വരും ദിവസങ്ങളിൽ 2000 രൂപ വരെ പിഴ ഈടാക്കാനാണ് തീരുമാനം.

 അഞ്ച് വ്യാജ സിറ്റി ഓട്ടോകൾ കുടുങ്ങി

സിറ്റി പെർമിറ്റില്ലാത സവാരി നടത്തിയ അഞ്ച് ഓട്ടോറിക്ഷകളും പരിശോധനയിൽ കുടുങ്ങി. പഞ്ചായത്ത് പ്രദേശത്തുള്ള ഈ ഓട്ടോറിക്ഷകൾ മഞ്ഞ പെയിന്റടിച്ച് നഗരത്തിൽ ചുറ്റിക്കറങ്ങി നടന്ന് ഓട്ടം പോവുകയായിരുന്നു. മോട്ടോർ വാഹനവകുപ്പ് പരമാവധി 5000 സിറ്റി പെർമിറ്റ് വരെയാണ് കൊല്ലം നഗരത്തിന് അനുവദിച്ചിട്ടുള്ളത്. 4960 ഓട്ടോറിക്ഷകൾക്ക് നിലവിൽ സിറ്റി പെർമിറ്റ് നൽകിയിട്ടുണ്ട്.

 മീറ്റർ നിരക്ക് ക്രമീകരണം: ലീഗൽ മെട്രോളജി

സൗകര്യം ഇന്ന് മുതൽ നാല് വരെ

കൊല്ലം: സിറ്റി പെർമിറ്റ് നമ്പർ കിട്ടിയ കോർപ്പറേഷൻ പരിധിയിലുള്ള ഓട്ടോറിക്ഷകളിൽ മിനിമം നിരക്കായ 25 രൂപ ക്രമീകരിച്ചിട്ടില്ലാത്തവർക്ക് ജൂലായ് 5 മുതൽ 17 വരെ പുനഃപരിശോധനാ ക്യാമ്പ് നടത്തും. ഇതിന് മുന്നോടിയായി ഇന്ന് മുതൽ 4 വരെ കർബല ജംഗ്ഷനിലെ ഇൻകംടാക്‌സ് ഓഫീസിന് സമീപമുള്ള ലീഗൽ മെട്രോളജി ഓഫീസിൽ വാഹനം ഹാജരാക്കി മീറ്റർ കാലിബറേഷനും അറ്റകുറ്റപ്പണികളും നടത്തേണ്ടതാണ്. രാവിലെ 10.30 മുതൽ വൈകിട്ട് 4.30 വരെയാണ് സമയം. മുദ്രപതിപ്പിക്കേണ്ട തീയതിയും രേഖാമൂലമുള്ള അനുമതിയും ഇതോടൊപ്പം വാങ്ങണമെന്ന് ലീഗൽ മെട്രോളജി അസിസ്റ്റന്റ് കൺട്രോളർ അറിയിച്ചു.