aarya

തൊടിയൂർ: മൂന്നു മാസം മുമ്പ് ദുബായിൽ നടന്ന സ്പെഷ്യൽ ഒളിമ്പിക്സിൽ ലോകത്തെ ഏറ്റവും വേഗമേറിയ ഓട്ടക്കാരിൽ രണ്ടാം സ്ഥാനം നേടിയ ആര്യ ജീവിതയോട്ടത്തിൽ വല്ലാതെ കിതയ്ക്കുന്നു. 100, 200 മീറ്റർ വിഭാഗത്തിലെ വെള്ളിമെഡൽ ജേതാവ് മികച്ച പരിശീലനത്തിന് വഴികാണാതെ പകച്ചു നിൽക്കുകയാണ്. 2018ൽ ഭുവനേശ്വറിൽ നടന്ന സ്പെഷ്യൽ ഒളിമ്പിക്സിൽ 100 മീറ്ററിൽ ആര്യ സ്വർണം നേടിയിരുന്നു. പത്താം ക്ളാസിൽ പഠിക്കുന്ന ആര്യയ്ക്ക് ദുബായിലെ മത്സരത്തിലേക്ക് വഴിതുറന്നതും ആ വിജയമാണ്.

കരുനാഗപ്പള്ളി കല്ലേലിഭാഗം കോഴിശ്ശേരിൽ പുത്തൻവീട്ടിൽ വേണുവിന്റെയും വീട്ടമ്മയായ വിജയശ്രീയുടെയും രണ്ടു പെൺമക്കളിൽ ഇളയവളാണ് ആര്യ. കൂലിപ്പണിക്കാരനായിരുന്ന പിതാവ് വേണു രണ്ടുവർഷം മുമ്പ് മരിച്ചതാേടെയാണ് ജീവിതതാളം തെറ്റിയത്. രണ്ടു പെൺമക്കളെ പോറ്റാനായി അമ്മ വിജയശ്രീ അയൽപക്കത്തെ വീടുകളിൽ അടുക്കളപ്പണിക്ക് ഇറങ്ങി.

വീടിനടുത്തുള്ള കല്ലേലിഭാഗം തൊടിയൂർ എസ്. എൻ. വി. എൽ. പി സ്കൂളിലായിരുന്നു നാലാം ക്ലാസുവരെ ആര്യയുടെ പഠനം. അദ്ധ്യാപകരാണ് ആര്യ നേരിടുന്ന മാനസിക വെല്ലുവിളി തിരിച്ചറിഞ്ഞത്. തുടർന്നാണ് ശാസ്താംകോട്ട മനോവികാസ് സ്കൂളിലാക്കിയത്.
ഇവിടത്തെ കായികാദ്ധ്യാപിക ഗിരിജയാണ് ആര്യയിലെ ഓട്ടക്കാരിയെ കണ്ടെത്തിയത്. സ്കൂൾ അധികൃതർ
പരിശീലനവും പ്രോത്സാഹനവും നൽകി. ജില്ലാ സ്പോർട്സ് കൗൺസിൽ പ്രത്യേക പരിശീലനവും നൽകി. സംസ്ഥാന, ദേശീയ മത്സരങ്ങളിൽ ആര്യ തിളങ്ങി.ദുബായിലെ മത്സരത്തിൽ വിവിധ ഇനങ്ങളിൽ ഇരുന്നൂറോളം രാജ്യങ്ങളിലെ കായിക താരങ്ങൾ പങ്കെടുത്തിരുന്നു. കേരളത്തിൽ നിന്ന് 24 പേർ ഇന്ത്യൻ സംഘത്തിലുണ്ടായിരുന്നു.

ശാസ്താംകോട്ട മനോവികാസിൽ പത്താംക്ളാസിൽ പഠിക്കുന്ന ആര്യക്ക് മികച്ച പരിശീലനത്തിനുവേണ്ട സൗകര്യങ്ങൾ ഏർപ്പെടുത്താനുള്ള സാമ്പത്തികശേഷി ആര്യയുടെ അമ്മയ്ക്കില്ല. മറ്റുള്ളവരുടെ ദയാവായ്പിനായി കൈനീട്ടാനേ അവർക്ക് കഴിയൂ. സ്ഥലം എം. എൽ. എ ആർ. രാമചന്ദ്രൻ വിഷയം അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്താമെന്ന് ഉറപ്പ് നൽകിയിട്ടുണ്ട്. സുമനസ്സുകൾ കനിയുമെന്ന പ്രതീക്ഷയിലാണ് ഈ അമ്മയും മകളും.