പത്തനാപുരം: ഗാന്ധിഭവനിലെ കൗൺസലിംഗിലൂടെ ഇതര സംസ്ഥാനക്കാരനായ യുവാവിന് കാണാതായ തന്റെ ഭാര്യയെയും മകനെയും തിരിച്ചു കിട്ടി. ഹരിയാനയിലെ സിർസ സ്വദേശി സച്ചിൻ ഗുപ്തയ്ക്കാണ് (33) കൈവിട്ടുപോയെന്ന് കരുതിയ ദാമ്പത്യജീവിതം തിരികെ ലഭിച്ചത്. ഹരിയാനയിലെ കൃഷിവകുപ്പിലെ ഉദ്യോഗസ്ഥനായ സച്ചിന്റെ ഭാര്യയാണ് ബിരുദധാരിയായ നീലം ഗുപ്ത (33). മാനസികാസ്വാസ്ഥ്യമുള്ള ഇവർ മൂന്ന് വയസുള്ള മകനുമൊത്ത് ഡൽഹിയിൽ താമസിക്കുന്ന സഹോദരിയുടെ അടുത്തേക്ക് പോകാനായാണ് വീടുവിട്ടിറങ്ങിയത്. എന്നാൽ നീലം ഒടുവിൽ വന്നെത്തിയത് കൊല്ലം റെയിൽവേ സ്‌റ്റേഷനിലാണ്. ഹരിയാനയിൽ നിന്ന് തികച്ചും വ്യത്യസ്തമായ അന്തരീക്ഷത്തിൽ എത്തിപ്പെട്ടതിന്റെ അങ്കലാപ്പിൽ പരിഭ്രാന്തയായ യുവതിയെ റെയിൽവേ പൊലീസാണ് കേരളാ പൊലീസിന് കൈമാറിയത്. പൊലീസ് നീലം ഗുപ്തയെയും കുട്ടിയെയും മഹിളാമന്ദിരത്തിലെത്തിക്കുകയും തുടർന്ന് ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ (സി.ഡബ്ല്യു.സി) നിർദ്ദേശാനുസരണം സംരക്ഷണത്തിനായി ഗാന്ധിഭവനിലേക്ക് മാറ്റുകയും ചെയ്തു.
പരസ്പരവിരുദ്ധമായി സംസാരിച്ചുകൊണ്ടിരുന്ന നീലം ഗുപ്തയുടെ മാനസികനിലയിൽ സംശയം തോന്നിയതോടെ ഗാന്ധിഭവനിൽ പ്രവർത്തിക്കുന്ന സാമൂഹ്യക്ഷേമ ബോർഡ് ജില്ലാതല ഷെൽട്ടർ ഹോമിലെ സൂപ്രണ്ട് മായ അമലും കൗൺസിലർ ആർ. ഷൈമയും ചേർന്ന് രണ്ടു ദിവസമായി കൗൺസലിംഗ് നടത്തി വരുകയായിരുന്നു. ഭർത്താവ് സച്ചിൻ ഗുപ്തയുടെ ഫോൺ നമ്പരും മറ്റു വിവരങ്ങളും അങ്ങനെയാണ് ലഭിച്ചത്. തുടർന്ന് ഗാന്ധിഭവൻ സെക്രട്ടറി ഡോ. പുനലൂർ സോമരാജൻ സച്ചിനുമായി ബന്ധപ്പെടുകയായിരുന്നു. നീലം ഗുപ്ത കേരളത്തിലുണ്ടെന്നറിഞ്ഞതോടെ സച്ചിൻ ഗുപ്ത ഇങ്ങോട്ടേയ്ക്ക് പുറപ്പെട്ടു. കൈവിട്ടു പോയെന്ന് കരുതിയ ഭാര്യയെയും മകനെയും കണ്ടതോടെ സച്ചിന്റെ കണ്ണുകൾ നിറഞ്ഞൊഴുകി. ഉടൻതന്നെ മകനെ വാരിപ്പുണർന്നു.
ഭാര്യയെയും കുഞ്ഞിനെയും കാണാനില്ലെന്ന് കാട്ടി സിർസ പൊലീസ് സ്‌റ്റേഷനിൽ പരാതി നൽകിയിരുന്ന സച്ചിൻ ഗാന്ധിഭവൻ അധികൃതർക്കൊപ്പം പത്തനാപുരം പൊലീസ് സ്‌റ്റേഷനിലെത്തി വിവരം നൽകി. ഗാന്ധിഭവൻ സെക്രട്ടറി ഡോ.
പുനലൂർ സോമരാജന്റെയും മറ്റ് ഭാരവാഹികളുടെയും അന്തേവാസികളുടെയും സാന്നിദ്ധ്യത്തിൽ ഈ കുടുംബത്തിന് വികാരനിർഭരമായ യാത്രഅയപ്പാണ് നൽകിയത്.