photo
തഴവാ മണപ്പള്ളി 11-ം വാർഡിൽ കുടുംബശ്രീ എ.ഡി.എസ് മിഷൻ നടത്തുന്ന കരനെൽകൃഷിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം അഡ്വ.അനിൽ .എസ്.കല്ലേലിഭാഗം വിത്ത് വിതച്ച് നിർവഹിക്കുന്നു.

കരുനാഗപ്പള്ളി: പെൺകരുത്തിൽ തഴവ ഗ്രാമ പഞ്ചായത്തിൽ കരനെൽക്കൃഷിക്ക് തുടക്കമായി. ഓണത്തിന് ഗ്രാമ പഞ്ചായത്തിലെ എല്ലാ കുടുംബങ്ങൾക്കും കുത്തരി നൽകുക എന്ന ലക്ഷ്യത്തോടെയാണ് കരനെൽക്കൃഷി തുടങ്ങിയത്. കഴിഞ്ഞ വർഷം ഉൽപ്പാദിപ്പിച്ച നെല്ല് പൂർണമായും ഗാന്ധിഭവനിലെ അന്തേവാസികൾക്ക് സൗജന്യമായി നൽകുകയാണ് ചെയ്തത്. മണപ്പള്ളി 11-ാം വാർഡിലെ കുടുംബശ്രീ മിഷൻ എ.ഡി.എസ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് കൃഷി ആരംഭിച്ചത്. ഗ്രാമ പഞ്ചായത്തിലെ 7 ഇടങ്ങളിലാണ് കൃഷിയിറക്കുന്നത്. കൃഷി സ്ഥലം വൃത്തിയാക്കിയതും വിത്ത് വിതയ്ക്കാനായി പരുവപ്പെടുത്തിയതും വനിതാക്കൂട്ടായ്മയാണ് എന്നതാണ് ഇത്തവണത്തെ പ്രധാന പ്രത്യേകത. അത്യുൽപ്പാദന ശേഷിയുള്ള ഉമ വിത്താണ് കൃഷിക്ക് ഉപയോഗിക്കുന്നത്. 400 കിലോഗ്രാം വിത്താണ് കൃഷി വകുപ്പിൽ നിന്ന് സൗജന്യമായി കുടുംബശ്രീ മിഷന് നൽകിയത്. എല്ലാ തലത്തിലും കൃഷി വകുപ്പിന്റെ പൂർണ സഹകരണം ലഭ്യമായതിനാലാണ് കൃഷി വിപുലപ്പെടുത്താൻ കഴിഞ്ഞതെന്ന് കുടുംബശ്രീ അംഗങ്ങൾ പറഞ്ഞു. നെൽച്ചെടിയുടെ വളർച്ചയുടെ ഓരോ ഘട്ടത്തിലും കൃഷി വകുപ്പ് ഉദ്യോഗസ്ഥരെത്തി ആവശ്യമായ നിർദ്ദേശങ്ങൾ കുടുംബശ്രീ എ.ഡി.എസ് മിഷന് നൽകും. വളമിടുന്നതും കള പറിക്കുന്നതും കൊയ്യുന്നതും മെതിക്കുന്നതുമെല്ലാം സ്ത്രീകൾ തന്നെയായിരിക്കും എന്നതാണ് പ്രത്യേകത. ഓണത്തിന് മുമ്പ് വിളവെടുപ്പ് നടത്തി നെല്ല് കുത്തരിയാക്കി വിപണിയിൽ എത്തിക്കാനാണ് ലക്ഷ്യമിടുന്നത്. ജില്ലാ പഞ്ചായത്ത് മെമ്പർ അഡ്വ. അനിൽ എസ്.കല്ലേലിഭാഗം വിത്ത് വിതയ്ക്കലിന്റെ ഉദ്ഘാടനം നിർവഹിച്ചു. കുടുംബശ്രീ ചെയർപേഴ്സൺ ഭാനുമതി അദ്ധ്യക്ഷത വഹിച്ചു. പാവുമ്പ സുനിൽ, കടമ്പാട്ട് ഗോപാലകൃഷ്ണൻ, തുളസീധരൻ, എ.ഡി.എസ് ഭാരവാഹികളായ സുശീല, ബിന്ദു, സുലോചന, കൃഷി ഓഫീസർ റോസിലിൻ എന്നിവർ സംസാരിച്ചു. സി.ഡി.എസ് മെമ്പർ രമ്യാ കൃഷ്ണൻ സ്വാഗതവും എ.ഡി.എസ് പ്രസിഡന്റ് ശ്രീവിദ്യ നന്ദിയും പറഞ്ഞു.

കഴിഞ്ഞ വർഷം കൃഷിയിറക്കിയത് 5 ഏക്കറിൽ

ഇക്കുറി കൃഷിയിറക്കിയത് 10 ഏക്കറിൽ