കുന്നത്തൂർ:പ്രണയാഭ്യർത്ഥന നിരസിച്ച പ്ലസ് ടു വിദ്യാർത്ഥിനിയെ സ്വകാര്യ ബസ് കണ്ടക്ടർ വീട്ടിൽ കയറി കുത്തിപരിക്കേൽപ്പിച്ചു.കുന്നത്തൂർ തോട്ടത്തുംമുറി സ്വദേശിനിയായ പതിനേഴുകാരിക്കാണ് അടിവയറ്റിൽ സ്ക്രൂ ഡ്രൈവർ കൊണ്ടു കുത്തേറ്റത്.തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച പെൺകുട്ടി അപകടനില തരണം ചെയ്തിട്ടുണ്ട്. പ്രതി ഭരണിക്കാവ് ആയിക്കുന്നം ചരണിക്കൽ വീട്ടിൽ അനന്ദു (22) ഒളിവിലാണ്. കൊട്ടാരക്കര - ചവറ റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസിലെ കണ്ടക്ടറാണ് അനന്ദു.
ഇന്നലെ പുലർച്ചെ 1.30ഓടെയായിരുന്നു സംഭവം. വീടിന്റെ ടെറസിലൂടെ അകത്തു കടന്ന യുവാവ് പെൺകുട്ടിയുടെ മുറിയിൽ കയറി കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു. നിലവിളി കേട്ട് മാതാപിതാക്കൾ അടുത്ത മുറിയിൽ നിന്ന് ഓടി എത്തുമ്പോഴേക്കും പ്രതി രക്ഷപ്പെട്ടിരുന്നു.രക്തത്തിൽ കുളിച്ചു കിടന്ന പെൺകുട്ടിയെ ഉടൻ തന്നെ ശാസ്താംകോട്ടയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും മാറ്റുകയായിരുന്നു. പ്രതി ആക്രമണത്തിനുശേഷം ഭരണിക്കാവിലെ ഒരു ലോഡ്ജിൽ തങ്ങിയെങ്കിലും പൊലീസ് പിന്തുടരുന്നത് അറിഞ്ഞ് ഒളിവിൽപോയി.
ഇവർ പ്രണയത്തിലായിരുന്നുവെന്നാണ് പൊലീസ് നൽകുന്ന സൂചന.പിന്നീട് പെൺകുട്ടി പിന്മാറിയതാകാം ആക്രമണത്തിന് കാരണമെന്ന് കരുതുന്നു.
കൊല്ലം റൂറൽ എസ്.പി ഹരിശങ്കർ,കൊട്ടാരക്കര ഡിവൈ.എസ്. പി നാസറുദ്ദീൻ,ശാസ്താംകോട്ട സി.ഐ വി.എസ് പ്രശാന്ത്,എസ്.ഐ ഷുക്കൂർ എന്നിവർ സ്ഥലത്തെത്തി പരിശോധന നടത്തി.പ്രതിയെ കണ്ടെത്താൻ കൊട്ടാരക്കര ഡിവൈ.എസ് .പിയുടെ നേത്യത്വത്തിൽ അന്വേഷണം വ്യാപകമാക്കി