യാത്രക്കാരെ കബളിപ്പിച്ച് നഗരസഭയും തൊഴിലാളി യൂണിയനുകളും
കൊല്ലം: ഓട്ടോ റിക്ഷകളിൽ ഇന്നലെ മുതൽ മീറ്റർ ചാർജ് മാത്രമേ ഈടാക്കുകയുള്ളൂ എന്ന നഗരസഭയുടെ ഉറപ്പ് പതിവ് പോലെ തൊഴിലാളികൾ പൊളിച്ചടുക്കി. നഗരത്തിനുള്ളിൽ സർവീസ് നടത്തിയ ഭൂരിപക്ഷം ഓട്ടോറിക്ഷകളും മീറ്ററിടാതെയാണ് യാത്ര നടത്തിയത്. രാവിലെ പൊലീസും മോട്ടോർ വാഹന വകുപ്പും പരിശോധന നടത്തിയപ്പോൾ മീറ്റർ പ്രവർത്തിപ്പിക്കാൻ ചിലർ തയ്യാറായെങ്കിലും പിന്നീട് നിറുത്തിവച്ചു.
വിവിധ തൊഴിലാളി യൂണിയനുകളുമായി നഗരസഭ നടത്തിയ ചർച്ചകൾക്കൊടുവിലാണ് ജൂലായ് ഒന്ന് മുതൽ പഴയ മുനിസിപ്പൽ മേഖലയിൽ മീറ്റർ ചാർജ് നിർബ്ബന്ധമാക്കാൻ ധാരണയായത്. സഹകരിക്കാമെന്ന തൊഴിലാളി യൂണിയനുകളുടെ ഉറപ്പിലാണ് പ്രഖ്യാപനമുണ്ടായത്. പക്ഷേ തൊഴിലാളികളുടെ നിസഹകരണം മൂലം ആദ്യ ദിനത്തിൽ തന്നെ സുപ്രധാന തീരുമാനം തകർന്നടിഞ്ഞു.
പതിവ് പരിശോധനകൾക്കപ്പുറം തീരുമാനം നടപ്പാക്കാനുള്ള ആവേശം സർക്കാർ സംവിധാനങ്ങളുടെ ഭാഗത്ത് നിന്നുമുണ്ടായില്ല. സ്റ്റാൻഡ് പെർമിറ്റ് ഇല്ലാതാകുമെന്നും നഗരത്തിന്റെ ഏതുഭാഗത്ത് നിന്നും സവാരിക്ക് ആളെ കയറ്റാമെന്നുമൊക്കെയുള്ള പ്രഖ്യാപനങ്ങൾ പൂർണ്ണ തോതിൽ നടപ്പായില്ല. മീറ്ററിട്ട് ഒരു ഭാഗത്തേക്ക് പോകുന്ന ഓട്ടോകൾക്ക് തിരികെ ഓട്ടം ലഭിക്കുന്നില്ലെന്നാണ് ഓട്ടോത്തൊഴിലാളികൾ കാലങ്ങളായി ഉന്നയിക്കുന്ന വാദം. ഇതിനാണ് സ്റ്രാൻഡ് പെർമിറ്റ് ഒഴിവാക്കി എവിടെ നിന്നും ആളെ കയറ്റാമെന്ന വ്യവസ്ഥ കൊണ്ടുവന്നത്. പക്ഷേ ഈ ആശയം നടപ്പാക്കാൻ പ്രയോഗിക ബുദ്ധിമുട്ടുകൾ ഏറെയാണ്.
മീറ്ററിട്ട് ഓടിയാൽ മുതലാകില്ല അനിയാ...
രാവിലെ കടപ്പാക്കടയ്‌ക്ക് സമീപം കൈകാണിച്ച് നിറുത്തിയ ഓട്ടോയിൽ കയറിയ യുവാവ് എ.ആർ. ക്യാമ്പിന് സമീപമിറങ്ങി. നഗരസഭ ഏതാണ്ടൊക്കെ പറഞ്ഞെന്ന് കരുതി മീറ്റർ പ്രവർത്തിപ്പിച്ച് ബുദ്ധിമുട്ടാനൊന്നും ഡ്രൈവർ തയ്യാറായില്ല. ഇറങ്ങാൻ നേരം എത്രയായി എന്ന ചോദ്യത്തിന് 'അറിയാവുന്നതല്ലേ, ഇങ്ങ് തന്നേരെ..' എന്ന് മറുപടി.
മീറ്ററിടുമെന്നൊക്ക പറഞ്ഞിട്ട് എന്താ ഇടാഞ്ഞത്.? പണം കൊടുത്ത് കഴിഞ്ഞപ്പോൾ യുവാവ് തിരക്കി. 'മീറ്ററിട്ട് ഓടിയാൽ മുതലാകില്ല അനിയാ..' മറുപടി പൂർത്തിയാകും മുമ്പേ ഓട്ടോ മുന്നോട്ട് നീങ്ങി.
ഇക്കൂട്ടർ മീറ്റർ ഒഫ് ചെയ്‌തതേ ഇല്ല
രാവിലെ ആദ്യത്തെ യാത്രയ്ക്ക് മീറ്റർ ഓണാക്കിയതാണെന്ന് തോന്നുന്നു. പിന്നീട് മീറ്റർ ഓഫാക്കാതെയായിരുന്നു ചില ഡ്രൈവർമാരുടെ യാത്ര. മീറ്ററിട്ട് ഓടണമെന്ന് മാത്രമല്ലേ നഗരസഭ പറഞ്ഞൂള്ളൂ.! അതുകൊണ്ട് ഓരോ യാത്രയിലും മീറ്റർ റീഡിംഗ് പൂജ്യത്തിലാക്കി യാത്ര നടത്താൻ ഇവർ മിനക്കെട്ടില്ല. പൊലീസ് തടഞ്ഞാലും മീറ്റർ പ്രവർത്തിപ്പിച്ചാണല്ലോ ഓടുന്നത്, പിന്നെന്താണ് കുഴപ്പം. ?
മീറ്ററിട്ട് ഓടും, പക്ഷേ ചോദിക്കുന്ന കാശ് തരണം
മീറ്ററിട്ട് ഓടിയിട്ടും കൂടുതൽ കാശ് ചോദിച്ച് വാങ്ങിയ ഡ്രൈവർമാരുമുണ്ട്. പൊലീസ് - മോട്ടോർ വാഹന വകുപ്പ് പരിശോധനകളിൽ പിടിവീഴാതിരിക്കാൻ മീറ്റർ പ്രവർത്തിപ്പിച്ച് സർവീസ് നടത്തിയെങ്കിലും യാത്രക്കാരിൽ നിന്ന് പഴയത് പോലെ മനക്കണക്ക് ഉപയോഗിച്ചാണ് ഇക്കൂട്ടർ പണം വാങ്ങിയത്. ഇതെന്ത് ന്യായമെന്ന് തിരക്കിയവരോട് പതിവ് പോലെ അൽപ്പം ചൂടാകാനും ചിലർ മറന്നില്ല.
നിയമം പാലിച്ചവരുമുണ്ട്, മറക്കേണ്ട
സർക്കാർ നിർദ്ദേശിച്ചത് പോലെ കൃത്യമായി മീറ്റർ പ്രവർത്തിപ്പിച്ച് സർവീസ് നടത്തുകയും മീറ്ററിൽ രേഖപ്പെടുത്തിയ തുക മാത്രം വാങ്ങിയ മര്യാദക്കാരും നഗരത്തിലുണ്ട്. ഇന്നലത്തെ എല്ലാ യാത്രകളിലും മീറ്റർ ചാർജ് മാത്രം ഈടാക്കിയ ഇവരെ അഭിനന്ദിക്കാതെ തരമില്ലെങ്കിലും ഓട്ടോക്കാരെക്കുറിച്ചുള്ള ദുഷ്പേര് മാറ്റാൻ ന്യൂനപക്ഷമായ ഇക്കൂട്ടർ വിചാരിച്ചാൽ പോരല്ലോ.