കൊല്ലം: ജില്ലയുടെ 47-ാമത് കളക്ടറായി ബി. അബ്ദുൽ നാസർ ചുമതലയേറ്റു. 2012 ബാച്ച് ഐ. എ. എസ്. ഉദ്യോഗസ്ഥനായ ഇദ്ദേഹം ഹൗസിംഗ് കമ്മിഷണറായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു. എൻട്രൻസ് കമ്മിഷണർ, ഹൗസിംഗ് ബോർഡ് സെക്രട്ടറി, എൻ.സി.ഇ.ആർ.ടി, നിർമ്മിതികേന്ദ്രം, സർവെ, ലാൻഡ് ഇൻഫർമേഷൻ പ്രോജക്ട് എന്നിവയുടെ ഡയറക്ടർ, കേരള ഹൗസിംഗ് ഫിനാൻസ് കോർപറേഷൻ എം.ഡി. എന്നീ നിലകളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. തലശ്ശേരിയാണ് സ്വദേശം. പരേതരായ പറമ്പത്ത് അബ്ദുൽ ഖാദർ- മാഞ്ഞുമ്മ ഹജ്ജുമ്മ ദമ്പതികളുടെ മകനാണ്. ഹയർ സെക്കൻഡറി അദ്ധ്യാപിക എം. കെ. റുക്സാനയാണ് ഭാര്യ. എൻജിനീയറിംഗ് ബിരുദധാരിയായ നെയീമ, ബി. ബി. എ വിദ്യാർത്ഥി നുആമുൽ ഹഖ്, എട്ടാം ക്ലാസ് വിദ്യാർത്ഥി ഇനാമുൽ ഹഖ് എന്നിവരാണ് മക്കൾ.