twon
പുനലൂർ നഗരസഭയിലെ ചെമ്മന്തൂർ മുനിസിപ്പൽ മൈതാനിയിൽ ടൗൺ ഹാൾ പണിയാനുളള സർവ്വേ നടപടികൾ ആരംഭിച്ചപ്പോൾ

ആധുനിക ഷോപ്പിംഗ് കോംപ്ളക്സും നിർമ്മിക്കും ഹാബിറ്റാറ്റുമായി എഗ്രിമെന്റുണ്ടാക്കി

പുനലൂർ: നീണ്ടനാളെത്തെ കാത്തിരിപ്പിനൊടുവിൽ പുനലൂർ നഗരസഭയിൽ അത്യാധുനിക സൗകര്യങ്ങളോടെയുളള ടൗൺ ഹാൾ യാർത്ഥ്യമാകുന്നു. 9കോടി രൂപ ചെലവഴിച്ച് ടൗണിലെ ചെമ്മന്തൂരിലാണ് ടൗൺഹാളും ഷോപ്പിംഗ് കോംപ്ളക്‌സും നിർമ്മിക്കുന്നത്. ഇതിന്റെ ഭാഗമായുള്ള സർവേ നടപടികൾ പുരോഗമിക്കുകയാണ്.

നഗരസഭയുടെ തനത് ഫണ്ടായ 4 കോടിക്ക് പുറമെ 5കോടി രൂപ വായ്പ എടുത്താണ് നിർമ്മാണം. തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങൾക്ക് വായ്പ നൽകുന്ന കെ.യു.ആർ.ഡി.എസ്.പിയിൽ നിന്നോ ഹഡ്കോയിൽ നിന്നോ വായ്പ എടുക്കാനാണ് ലക്ഷ്യമിടുന്നത്. സർക്കാർ ഏജൻസിയായ ഹാബിറ്റാറ്റുമായി നഗരസഭ കരാർ ഉറപ്പിച്ചതായി ചെയർമാൻ കെ.രാജശേഖരൻ അറിയിച്ചു. കൊല്ലം തിരുമംഗലം ദേശീയ പാതയോരത്ത് ചെമ്മന്തൂരിലെ മുനിസിപ്പൽ ഗ്രൗണ്ടിനോട് ചേർന്ന 1.25 ഏക്കർ ഭൂമിയിലാണ് 1000 പേർക്ക് ഇരിക്കാൻ സൗകര്യമുള്ള ശിതീകരിച്ച ടൗൺ ഹാൾ നിർമ്മിക്കുന്നത്. ഇതിനോട് ചേർന്നാകും ഷോപ്പിംഗ് കോംപ്ളക്സിന്റെയും നിർമ്മാണം.

നിറവേറുന്നത് നീണ്ടനാളായുള്ള ആവശ്യം

കഴിഞ്ഞ പത്ത് വർഷമായി നാട്ടുകാർ ഉന്നയിച്ചിരുന്ന ആവശ്യമാണ് ഇതോടെ യാഥാർത്ഥ്യമാകുന്നത്. നഗരസഭ കഴിഞ്ഞ അഞ്ച് വർഷമായി ടൗൺ ഹാൾ നിർമ്മാണത്തിനായി ബഡ്ജറ്റിൽ തുക വകയിരുത്താറുണ്ടെങ്കിലും ചുവപ്പുനാടയിൽ കുരുങ്ങി ഇത് നീണ്ടുപോകുകയായിരുന്നു. ഇത് നഗരസഭ കൗൺസിലിൽ പ്രതിപക്ഷ വിമർശനത്തിനും ഇടയാക്കി. ടൗൺ ഹാളിന്റെ നിർമ്മാണം പൂർത്തിയാകുന്നതോടെ വിവാഹം, പൊതുചടങ്ങുകൾ അടക്കമുള്ള നിരവധി ആവശ്യങ്ങൾക്ക് മറ്റ് കേന്ദ്രങ്ങളെ ആശ്രയിക്കുന്നത് ഒഴിവാക്കാനാകും.

പുനലൂർ നഗരസഭാ ടൗൺഹാൾ

01. നിർമ്മാണ ചെലവ്: 9 കോടി രൂപ

02. നഗരസഭയുടെ ഫണ്ട്: 4 കോടി രൂപ

03. വായ്പയായി: 5 കോടി രൂപ

04. ശീതികരിച്ച ടൗൺ ഹാളിൽ: 1000 സീറ്റുകൾ

05.ഏറ്റെടുക്കുന്നത്: 1.25 ഏക്കർ ഭൂമി

06. ഒത്തുചേരലുകൾക്ക് പുതിയ കേന്ദ്രം