ഓച്ചിറ: പ്രസവത്തെ തുടർന്ന് കുട്ടി മരിച്ചത് ആശുപത്രി അധികൃതരുടെ അനാസ്ഥകൊണ്ടാണെന്ന് ആരോപിച്ച് മൃതദേഹവുമായി ബന്ധുക്കൾ ആശുപത്രി ഉപരോധിച്ചു. ഇന്നലെ ഉച്ചക്ക് 12ന് ഓച്ചിറ ടൗണിന് സമീപമുള്ള സ്വകാര്യ ആശുപത്രിയിലായുന്നു സംഭവം. എട്ട് വർഷമായി വന്ധ്യതയ്ക്ക് ചികിത്സയിലായിരുന്ന ഹരിപ്പാട് കരുവാറ്റ കല്ലുങ്കൽ വീട്ടിൽ റിയാസിന്റെ ഭാര്യ ഷാമിലയെ ഞായറാഴ്ച രാവിലെ 9.30നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രാത്രി 11.30ന് പ്രസവം നടന്നു. തുടർന്ന് കുട്ടിയെ വിദഗ്ധ ചികിൽസക്കായി കൊല്ലത്തെ സ്വകാര്യ മെഡിക്കൽ കോളേജിലേക്ക് കൊണ്ടു പോകുകയായിരുന്നു. പ്രസവ സമയത്ത് പറ്റിയ കൈപ്പിഴയെ തുടർന്ന് കുട്ടിയുടെ തലച്ചോറിലെ ഞരമ്പുകൾക്ക് ക്ഷതം സംഭവിച്ചതുകൊണ്ടാണ് മരിച്ചതെന്ന് മെഡിക്കൽ കാേളേജിൽ നിന്ന് ബന്ധുക്കളെ ധരിപ്പിച്ചിരുന്നു. തുടർന്നാണ് കുട്ടിയുടെ മൃതദേഹവുമായി ഓച്ചിറയിലെത്തി ബന്ധുക്കൾ ആശുപത്രി ഉപരോധിച്ചത്. പരാതി നൽകാത്തതിനാൽ പൊലീസ് കേസെടുത്തില്ല. ഓച്ചിറ പൊലീസിന്റെ അഭ്യർഥനയെ തുടർന്ന് കുട്ടിയുടെ മൃതദേഹവുമായി ബന്ധുക്കൾ പിരിഞ്ഞു പോയി. ഷാമില ഇപ്പോൾ ഓച്ചിറയിലെ ആശുപത്രിയിൽ ചികിത്സയിലാണ്.